മുടയിരഞ്ഞി റോഡ് പുഴയിലേക്ക് ഇടിഞ്ഞു
1430531
Friday, June 21, 2024 1:48 AM IST
ഇരിട്ടി: മുടയരിഞ്ഞി റോഡ് പുഴയിലേക്ക് ഇടിഞ്ഞതിനെ തുടർന്ന് ഇതുവഴിയുള്ള വാഹനയാത്ര അപകടത്തിൽ. 30 അടി താഴ്ചയിലേക്കാണ് റോഡ് ഇടിഞ്ഞത്. വള്ളിത്തോട്, ആനപ്പന്തിക്കവല, മുടയിരഞ്ഞി, ചരൾ, പുല്ലൻപാറത്തട്ട് എന്നിവിടങ്ങളിലേക്ക് പോകുന്ന പ്രധാന പാതയാണിത്. നേരത്തേ റോഡ് പുഴയിലേക്കു ഇടിഞ്ഞതിനെ തുടർന്നു അരക്കോടിയോളം രൂപ ചെലവിൽ പാർശ്വഭിത്തി നിർമിച്ചതിനു സമീപമായാണ് ഇപ്പോൾ മണ്ണിടിച്ചിൽ ഉണ്ടായത്.
അപകടാവസ്ഥ സംബന്ധിച്ച് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാൻ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടായിട്ടില്ല. നാട്ടുകാർ ചുവന്ന റിബർ കെട്ടിയാണ് നിലവിൽ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഈ മേഖലയിൽ കോൺക്രീറ്റ് ഓവുചാൽ ഇല്ലാത്തതിനാൽ റോഡിലൂടെ ഒഴുകി എത്തുന്ന വെള്ളം പുഴയിലേക്കാണ് പതിക്കുന്നത്. ഇത് മണ്ണിടിച്ചിൽ സാധ്യത വർധിപ്പിക്കുന്നുണ്ട്.
നാലു വർഷം മുന്പാണ് 5.8 കിലോമീറ്റർ വരുന്ന റോഡ് 5.4 കോടി രൂപ മുടക്കിയാണ് മെക്കാഡം ടാറിംഗോടെ നവീകരിച്ചത്. നവീകരണ സമയത്തു തന്നെ റോഡിൽ പൂർണമായും കോൺക്രീറ്റ് ഓവുചാൽ പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് എസ്റ്റിമേറ്റിൽ ഫണ്ട് വകയിരുത്തിയില്ലെന്ന് പറഞ്ഞ് ബന്ധപ്പെട്ടവർ നിരാകരിക്കുകയായിരുന്നു.