രാഷ്ട്രീയ കിസാൻ മഹാസംഘ് ജപ്തി തടഞ്ഞു
1430532
Friday, June 21, 2024 1:48 AM IST
ഇരിട്ടി: ആനപ്പന്തി സർവീസ് സഹകരണ ബാങ്ക് സെയിൽ ഓഫീസർ വഴി അയ്യൻകുന്ന് വില്ലേജ് ഓഫീസിൽ നടത്താനിരുന്ന കിടപ്പാട ജപ്തി ലേല നടപടികൾ രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ ജപ്തി തടയൽ സമരം രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു.
കിടപ്പാട ജപ്തിയിന്മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനു കരട് ബിൽ തയാറായിരിക്കെ തിടുക്കപ്പെട്ട് കർഷകരുടെ വീടും കൃഷിയിടവും ജപ്തി ചെയ്യാനുള്ള നീക്കം അനുവദിക്കില്ലെന്ന് ബിനോയ് തോമസ് പറഞ്ഞു. വരും ദിവസങ്ങളിൽ വയനാട്, കാസർഗോഡ് ജില്ലകളിൽ നിശ്ചയിച്ചിരിക്കുന്ന ജപ്തി ലേല നടപടികളും തടയുമെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ ചെയർമാൻ ബെന്നി പുതിയാമ്പുറം അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺവീനർ ബേബി നെട്ടനാനി, വിവിധ കർഷക സംഘടനാ നേതാക്കളായ പി.സി. ജോസ്, ജോസഫ് വടക്കേക്കര, അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ, വർഗീസ് പള്ളിച്ചിറ, ബിനോയി പുത്തൻനടയിൽ, ഗർവാസിസ് കല്ലുവയൽ, അമൽ കുര്യൻ, ബിജുനിത്ത് കുറുപ്പംപറമ്പിൽ, മൈക്കിൾ ചാണ്ടിക്കൊല്ലി, ചാക്കോ പുതിയപാറയിൽ എന്നിവർ പ്രസംഗിച്ചു.