ജയഗിരിയിൽ സൗരോർജ വേലി സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു
1430535
Friday, June 21, 2024 1:48 AM IST
ആലക്കോട്: വന്യമൃഗശല്യം മൂലം പൊറുതിമുട്ടിയതിനെ തുടർന്ന് ഉദയഗിരി പഞ്ചായത്തിലുള്ളവർ ജനകീയപങ്കാളിത്തത്തോടെ നിർമിച്ച സൗരോർജ വേലി സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു. ഇതോടെ വേലിയില്ലാതായ ഭാഗത്തു കൂടി കാട്ടാനകൾ കൃഷിയിടത്തിലേക്കും ജനവാസ മേഖലയിലേക്കും കടന്നു വരുന്നു. കർണാടക വനാതിർത്തിയോട് ചേർന്നുള്ള ജയഗിരി മുതൽ മാന്പൊയിൽ വരെയുള്ള പ്രദേശങ്ങളിൽ സ്ഥാപിച്ച സൗരോർജവേലിയാണ് പലയിടത്തും നശിപ്പിക്കപ്പെട്ടത്. വേലി സ്ഥാപിച്ചതു മുതൽ ഇതുവരെയായി പത്തുമാസം വന്യമൃഗശല്യമില്ലാത്ത പ്രദേശത്തേക്ക് ഇപ്പോൾ കാട്ടാനകൾ കടന്നു വരികയാണ്.
കാട്ടാനക്കൂട്ടത്തിനു പുറമേ വേലിയുടെ സമീപമായി ഒറ്റയാനും നിലയുറപ്പിച്ചിട്ടുണ്ട്. ഇതു കാരണം പകൽ സമയത്ത് പോലും വീടുകളിൽ നിന്നും പുറത്തിറങ്ങാനും കൃഷിയിടങ്ങളിലേക്ക് പോകാനും ജനം ഭയക്കുകയാണ്. കാട്ടാനഭീതി കാരണം വിദ്യാർഥികളെ സ്കൂളിലേക്കയക്കാനും കഴിയാത്ത അവസ്ഥയാണ്. വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തിൽ വാർഡ് മെംബർ ടെസി ആലുംമൂട്ടിലിന്റെ നേതൃത്വത്തിൽ ജയഗിരി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. സേവ്യർ തേക്കനാൽ രക്ഷാധികാരിയായും ബിനോയ് കരിയിലകുളം കൺവീനറുമായ കമ്മിറ്റി പഞ്ചായത്തംഗത്തിന്റെ വാർഡ് ഫണ്ടും ജനകീയ ഫണ്ട് സ്വരൂപണം നടത്തിയുമായിരുന്നു വേലി സ്ഥാപിച്ചത്.
വേലിയുടെ കന്പികൾ കൂട്ടിക്കെട്ടിയും വൈദ്യുതി കടത്തിവിടുന്ന സംവിധാനം തകരാറാക്കിയുമാണ് സാമൂഹ്യവിരുദ്ധർ വേലി നശിപ്പിച്ചത്. വാർഡ് മെംബറുടെ നേതൃത്വത്തിൽ പോലീസിലും വനംവകുപ്പിനും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനുള്ള നീക്കത്തിലാണ് പ്രദേശവാസികൾ.