സിം കാർഡ് തട്ടിപ്പ് ; രണ്ടുപേർകൂടി അറസ്റ്റിൽ
1430507
Friday, June 21, 2024 1:47 AM IST
മട്ടന്നൂർ: മറ്റുള്ളവരുടെ പേരിൽ വ്യാപകമായി സിം കാർഡുകൾ വാങ്ങി വിദേശത്തേക്ക് കടത്തുകയും ഓൺലൈൻ തട്ടിപ്പുകൾക്ക് ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തിലെ രണ്ടു പേരെക്കൂടി മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉരുവച്ചാലിലെ മൊബൈൽ ഷോപ്പുടമ കീച്ചേരി സ്വദേശി പി. സിയാദ്(26), വെമ്പടിയിലെ മുഹമ്മദ് സാലിഹ് (19) എന്നിവരെയാണ് മട്ടന്നൂർ എസ്എച്ചഒ ബി.എസ്. സജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
പ്രസ്തുത കേസിൽ നേരത്തെ മൂന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. കീച്ചേരി സ്വദേശിയുടെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ഇദ്ദേഹത്തിന്റെ ആധാർ കാർഡ് ഉപയോഗിച്ച് ഏഴ് സിം കാർഡുകൾ പ്രതികൾ വാങ്ങിയിരുന്നു. ഇവ പിന്നീട് തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന സംശയത്തെ തുടർന്നാണ് പരാതി നല്കിയത്.
വിദ്യാർഥികളുടെയും മറ്റും പേരിൽ വ്യാപകമായി സിം കാർഡുകൾ വാങ്ങുകയും വിദേശത്തേക്ക് കൈമാറി ഓൺലൈൻ തട്ടിപ്പിനടക്കം ഉപയോഗിക്കുകയുമാണ് ചെയ്യുന്നത്. സിം കാർഡുകൾ നല്കുന്ന വകയിൽ പ്രതിഫലമായി ലഭിച്ച വൻതുക പ്രതികളുടെ അക്കൗണ്ടിൽ നിന്ന് കണ്ടെത്തിയി ട്ടുണ്ട്. 918 സിം കാർഡുകൾ ഇവരിൽ നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
നിയമം ലംഘിച്ച് സിം കാർഡുകൾ എടുത്തു നല്കിയതിനാണ് ഉരുവച്ചാലിലെ മൊബൈൽ ഷോപ്പുടമ സിയാദിനെ അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ പിടിയിലാ കുമെന്നും പോലീസ് അറിയിച്ചു. സ്വന്തം രേഖകൾ നല്കി മറ്റുള്ളവർക്ക് സിം കാർഡ് എടുത്തു നല്കരുതെന്നും പോലീസ് മുന്നറിയിപ്പ് നല്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.