പാലത്തുംകടവിൽ കാട്ടാന, ആറളത്ത് പുലി
1430072
Wednesday, June 19, 2024 1:51 AM IST
ഇരിട്ടി: മലയോര ജനത കാട്ടാന ഭീഷണിക്കൊപ്പം പുലിപ്പേടിയിലും. അയ്യൻകുന്നിലെ പാലത്തുംകടവ് മേഖലയിൽ ഞായറാഴ്ച കാട്ടാനക്കൂട്ടമിറങ്ങിയതിന് പിന്നാലെ തിങ്കളാഴ്ച ആറളം ഫാം പുനരധിവാസ മേഖലയിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു. ബ്ലോക്ക് 10 ലെ 101 ാം നമ്പർ വീട്ടിലെ താമസക്കാരനായ ഊരുമൂപ്പൻ സോമന്റെ വളർത്തുനായയെയാണ് പുലി ആക്രമിച്ചത്.
പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു നായയെ ആർആർടി സംഘം പേരാവൂർ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ ചത്തു. കാട്ടാന ശല്യം നേരിടുന്ന ആറളം ഫാം പുനരധിവാസ മേഖലയിൽ ഇപ്പോൾ പുലി കൂടി എത്തിയതോടെ ജനം കടുത്ത ഭീതിയിലാണ്. കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്ന് ഇവിടത്തുകാർ ആവശ്യപ്പെട്ടു.
ഞായറാഴ്ച രാത്രിയാണ് അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചത്. ജോർജ് കുരക്കാല, ബിജു കുരക്കാല, ജയ്സൺ പുരയിടത്തിൽ, ജോളി പുരയിടത്തിൽ, സജി കല്ലുമ്മേൽപുറം എന്നിവരുടെ വാഴ, തെങ്ങ്, കവുങ്ങ് എന്നിവ വ്യാപകമായി നശിപ്പിച്ചു. കർണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്ന് ബാരാപോൾ പുഴ മുറിച്ചുകടന്നാണ് കാട്ടാനകൾ കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമെത്തുന്നത്.
കാട്ടാന ശല്യം വർധിച്ചു വരുന്പോഴും വനംവകുപ്പധികൃതരുടെ ഭാഗത്ത് നിന്നും നടപടികൾ ഉണ്ടാകുന്നില്ലെന്ന പരാതി ശക്തമാണ്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐസക്ക് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ മേരി റെജി, വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടത്തിൽ എന്നിവർ കാട്ടാനകൾ കൃഷി നശിപ്പിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.