ഗോണിക്കുപ്പയിൽ ഇരുനില കെട്ടിടം തകർന്നുവീണ് ആറുപേർക്ക് പരിക്ക്
1430505
Friday, June 21, 2024 1:47 AM IST
ഇരിട്ടി: ഗോണിക്കുപ്പയിൽ പഴക്കം ചെന്ന ഇരുനില കെട്ടിടം തകർന്നു വീണ് ആറു പേർക്ക് പരിക്കേറ്റു. ഗോണിക്കുപ്പ -മൈസൂരു റോഡിലെ ആന്പൂർ ബിരായാണി കട എന്ന പേരിൽ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നു വീണത്.
കെട്ടിടത്തിന് 80 വർഷത്തോളം പഴക്കമുണ്ട്. അപകട സമയത്ത് 20 പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നെങ്കിലും ഒന്നാം നില തകരുന്ന ശബ്ദം കേട്ടതോടെ ആളുകൾ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. എങ്കിലും ചിലർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഇവരെ അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും മണ്ണുമാന്തി യന്ത്രത്തിന്റെ സഹായത്തോടെ രക്ഷിച്ച് ആശുപത്രിയിലാക്കി. ഒരാളുടെ നില ഗുരതരമായി തുടരുകയാണ്.
കെട്ടിടാവശിഷ്ടങ്ങൾ ഹൈവേയിലേക്ക് പതിച്ചതിനെ തുടർന്ന് ഗോണിക്കുപ്പ-മൈസൂരു റൂട്ടിൽ നാലു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അപകടത്തെ തുടർന്ന് ബൈപാസ് വഴി മൈസൂരു, ബംഗളൂരു ഭാഗങ്ങളിലേക്കുള്ള വാഹനങ്ങളെ തിരിച്ചുവിട്ടു. ജനപ്രതിനിധികളും ഉന്നത പോലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വീരാജ്പേട്ട എംഎൽഎ എ.എസ് പൊന്നണ്ണയുടെ ഇടപെടലിനെ തുടർന്ന് എൻഡിആർഎഫ് സേനയും രക്ഷാപ്രവർത്തനത്തിനെത്തിയിരുന്നു.