പ്ലസ് വൺ അലോട്ട്മെന്റ്: ജില്ലയിൽ സീറ്റ് ഉറപ്പിച്ചത് 28,241 പേർ
1430530
Friday, June 21, 2024 1:48 AM IST
കണ്ണൂര്‍: പ്ലസ് വൺ പ്രവേശനത്തിനായുള്ള മൂന്നാംഘട്ട അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ജില്ലയിൽ സീറ്റ് ഉറപ്പിച്ചത് 28241 പേർ. 38020 പേരാണ് ഏകജാലകം വഴി പ്ലസ്വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നത്.
ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ മെറിറ്റ്, നോണ്‍ മെറിറ്റ്, സ്പോര്‍ട്സ് വിഭാഗങ്ങളിലായി ആകെ 35700 പ്ലസ് വണ്‍ സീറ്റുകളാണുള്ളത്. ആകെയുള്ള 28,655 മെറിറ്റ് സീറ്റുകളിൽ 441 സീറ്റാണ് ഇനി ബാക്കിയുള്ളത്. ജനറൽ ക്വാട്ടയിൽ ഇനി 363 സീറ്റുകൾ ബാക്കിയുണ്ട്.
സ്പോർട്സ് ക്വാട്ടയിൽ ആകെയുള്ള 684 സീറ്റുകളിൽ 401 പേരാണ് പ്രവേശനം നേടിയത്. കമ്യൂണിറ്റി ക്വട്ടയിൽ ആകെയുള്ള 1421 സീറ്റുകളിൽ 457 സീറ്റുകളിൽ മാത്രമാണ് പ്രവേശനം നേടിയത്. 964 സീറ്റുകൾ ഇനി ബാക്കിയുണ്ട്.
മാനേജ്മെന്റ് ക്വാട്ടയിൽ ആകെയുള്ള 2677 സീറ്റുകളിൽ 2449 സീറ്റുകളും ബാക്കിയാണ്. അൺഎയ്ഡഡ് ക്വാട്ടയിൽ 2300 സീറ്റുകളിൽ ആകെ അഞ്ച് വിദ്യാർഥികൾ മാത്രമാണ് പ്രവേശനം നേടിയത്. വിവിധ ക്വാട്ടകളിലായി 6474 സീറ്റുകൾ ഇനി ജില്ലയിൽ ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ പ്ലസ് വണ്ണിന് ആർക്കും സീറ്റ് ലഭിക്കാതെ വരില്ലെന്ന് അധികൃതർ പറഞ്ഞു.
ജില്ലയില്‍ ഇത്തവണ പരീക്ഷ എഴുതിയ 36,070 വിദ്യാര്‍ഥികളില്‍ 36024 പേരും വിജയിച്ചിട്ടുണ്ട്.