മാഹി-വളപട്ടണം കൃത്രിമ ജലപാതയും സംശയനിഴലിൽ
1430506
Friday, June 21, 2024 1:47 AM IST
പി. ജയകൃഷ്ണൻ
കണ്ണൂർ: ജില്ലയിലെ തൃപ്പങ്ങോട്ടൂർ മുതൽ വലിയന്നൂർ വരെ നൂറുകണക്കിന് കുടുംബങ്ങളുടെ കിടപ്പാടങ്ങളും ഏക്കർ കണക്കിന് കൃഷി ഭൂമിയും ഏറ്റെടുത്ത് മാഹി പുഴയേയും വളപട്ടണം പുഴയേയും ബന്ധിപ്പിച്ച് കൃത്രിമജലപാത നിർമിക്കാനുള്ള സർക്കാർ പദ്ധതി ഹൈക്കോടതി സ്റ്റേ ചെയ്തു.
സിയാലുമായി ചേര്‍ന്നു കേരള വാട്ടര്‍ വേയ്സ് ഇന്‍ഫ്രാസ്ട്രക്ച്ചേഴ്സ് ലിമിറ്റഡ് ബോര്‍ഡ് രൂപീകരിച്ച് കോവളം മുതല്‍ ബേക്കല്‍ വരെ ദേശീയ ജലപാത ഒരുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കത്തിനാണ് കേരളാ ഹൈക്കോടതി വിധി തിരിച്ചടിയായത്. ജലപാത യാഥാർഥ്യമാകുന്നതോടെ കോവള ത്തുനിന്ന് ബേക്കല്‍ വരെ ബോട്ട് യാത്ര സാധ്യമാകുമെന്നും അത് ടൂറിസം മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കുമെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വാദം.
ഇതിന്റെ ഭാഗമായി കണ്ണൂർ ജില്ലയിൽ 56 കിലോ മീറ്റർ നീളത്തിൽ ഭൂമി ഏറ്റെടുത്ത് 40 മീറ്റർ വീതിയിൽ ജലപാതയും ഇരുഭാഗത്തും 10 മീറ്റർ വീതിയിൽ റോഡും എന്നതായിരുന്നു പദ്ധതി. സ്വകാര്യ പൊതു പങ്കാളിത്ത പദ്ധതി ( പിപിപി) നടപ്പാക്കുന്പോൾ പാലിക്കേണ്ട കേന്ദ്രസർക്കാരിന്റെ 2013 ലേയും സംസ്ഥാന സർക്കാരിന്റെ 2015 ലേയും നിയമത്തിലെ വ്യവസ്ഥകൾ പാലിക്കേതെയാണ് കേരള സർക്കാർ പദ്ധതിയുമായി മുന്നോട്ടു പോയതെന്ന ആരോപണം അന്നേ ഉയർന്നിരുന്നു.
മാഹി പുഴയേയും വളപട്ടണം പുഴയേയും പരസ്പരം ബന്ധിപ്പിക്കണമെങ്കിൽ എരഞ്ഞോളിപുഴ, ധർമടം പുഴ, അഞ്ചരക്കണ്ടിപുഴ മുതലായ അറബിക്കടലുമായി ബന്ധമുള്ള പുഴകളെ ബന്ധപ്പിക്കേണ്ട തുണ്ട്. ഇത് ഭാവിയിൽ പ്രദേശത്ത് ഉപ്പവെള്ളത്തിനും വലിയതോതിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങൾ ക്കും ഇടയാക്കുമെന്ന് പരിസ്ഥിതി വാദികളും സമരസമിതി നേതാക്കളും ചൂണ്ടിക്കാട്ടിയതാണ്.
പദ്ധതിക്കായി കണ്ണൂരിൽ മാത്രം 150 ലേറെ കുടുംബങ്ങൾ കുടിയിറങ്ങേണ്ടി വരും. ഏറ്റെടുക്കുന്ന 215 ഏക്കർ ഭൂമിയിൽ 115 ഏക്കർ നെൽവയലുകളാണ് ഇല്ലാതാകുന്നത്. 50 വർഷം മുന്‍പ് വിഭാവനം ചെയ്ത ഈ പദ്ധതി ദേശീയപാതയും, റെയിൽവേ സംവിധാനവും കൂടുതൽ ഫലപ്രദമായി വരുന്ന ഇക്കാല ത്ത് എന്തിനാണെന്ന ചോദ്യവും ഉയരുന്നുണ്ട്.
വിശദമായ പ്രോജക്ട് റിപ്പോർട്ടോ, പരിസ്ഥിതി ആഘാത പഠനങ്ങളോ നടത്താതെയെയാണ് പദ്ധതി യുമായി സർക്കാർ രംഗത്തുവന്നതെന്നായിരുന്നു സമരസമിതി നേതാക്കൾ പറഞ്ഞത്. അർഹതയില്ലാത്ത ഒരു സ്വകാര്യ ഏജൻസിയാണ് ഇതിനായി പഠനം നടത്തിയെതന്നും ആരോപണം ഉണ്ടാ യിരുന്നു.
മാഹി-വളപട്ടണം പുഴകളെ തമ്മില്‍ ബന്ധിപ്പിച്ച് കനാല്‍ നിര്‍മിക്കുന്നതിനായുള്ള 680 കോടി രൂപ യുടെ പദ്ധതിക്ക് കിഫ്ബി അംഗീകാരം നൽകിയതാണ്. ഇതിന്റെ ഭാഗമായി വളപട്ടണം നീലേശ്വരം റീച്ചിലെ സുല്‍ത്താന്‍ കനാല്‍ നവീകരിച്ച് ഗതാഗതയോഗ്യ മാക്കി. പദ്ധതിയുടെ ഭാഗമായി കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലായി 25 ബോട്ടുജെട്ടികളുടെ നിര്‍മാണവും പൂര്‍ത്തിയാക്കി.
ഇതിനിടെ കണ്ണൂർ ജില്ലയിലെ പ്രവർത്തനങ്ങൾ ഒരു മാസത്തേയ്ക്ക് ജൂൺ 18 ന് ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു. പല മേഖലകളിലേയും ഇത്തരം പരാതികളിൽ കോടതി സ്റ്റേ നിലവിലുണ്ട്. സ്റ്റേ നീക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തത് പദ്ധതിയുടെ വിശ്വാസ്യത യിൽ സംശയം ജനിപ്പിക്കുന്നതാണ്. ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള സർക്കാരിന് ചേർന്ന പദ്ധതിയെല്ല ഇതെന്നും പദ്ധതിയെ ഇനിയും ശക്തമായി എതിർക്കുമെന്നാണ് സമരസമിതി നേതാക്കളും കോടതിയെ സമീപിക്കുയും ചെയ്ത പി.പി. മോഹനൻ , ഉമേഷ് ബാബു, കെ.വി. ചന്ദ്രൻ, രാജൻ കോരന്പേത്ത്, രമേശൻ കൊറ്റൻകുന്ന് എന്നിവർ പറഞ്ഞത്.