ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി വ്യാപിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഹാളിൽ വിപുലമായ യോഗം ചേർന്നു. ജനപ്രതിനിധികൾ, ആരോഗ്യപ്രവർത്തകർ, രാഷ്ട്രീയപാർട്ടി നേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു. പുറവയൽ എഫ്എച്ച്സി മെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത്ത് മാത്യു, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് വി. ജയിംസ് എന്നിവർ രോഗത്തിന്റെ വ്യാപ്തിയെക്കുറിച്ചും ഗുരുതര സാഹചര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.
ഇന്നും നാളെയും എല്ലാ വാർഡുകളിലും വാർഡുതല ശുചിത്വ കമ്മിറ്റി വിളിച്ചു ചേർക്കും. 16ന് മുഴുവൻ വീടുകളും സ്ഥാപനങ്ങളിലും ഡ്രൈ ഡേ ആചരിക്കുകയും പഞ്ചായത്തിലെ പന്ത്രണ്ടായിരത്തിലധികം വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ കാന്പയിനും കൊതുകളുടെ ഉറവിട നശീകരണവും നടത്തും.
ശുചിത്വ കാമ്പയിനായി പഞ്ചായത്തിൽ 400 ലധികം സ്ക്വാഡുകൾ രൂപീകരിക്കും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനിൽ രാമകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്തംഗം ചാക്കോ പാലക്കലോടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.വി. ഷാജു, ഇന്ദിര പുരുഷോത്തമൻ, പഞ്ചായത്തംഗം ടോമി മൂക്കനോലി, രാഷ്ട്രീയ കക്ഷി നേതാക്കളായ ജോസഫ് ആഞ്ഞിലിത്തോപ്പിൽ, പി.കെ. ശശി, മുഹമ്മദ് ദാവൂദ്, ആർ. സുജി, കുര്യാക്കോസ് കോമ്പുങ്കൽ, കുര്യാക്കോസ് മണിപ്പാടത്ത്, പി.കെ. ഷാജി, ജോസ് പൂമല, വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പത്ത്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.