വളർത്തു മൃഗങ്ങളുടെ വേനൽക്കാല പരിചരണം; മൃഗസംരക്ഷണ വകുപ്പിന്റെ മാർഗനിർദേശങ്ങൾ
1532863
Friday, March 14, 2025 5:51 AM IST
കൽപ്പറ്റ: ജില്ലയിൽ പകൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ അരുമ മൃഗങ്ങളുടെ വേനൽക്കാല പരിചരണത്തിന് മാർഗ നിർദേശങ്ങളുമായി മൃഗസംരക്ഷണ വകുപ്പ്. കന്നുകാലികൾ, വളർത്തു മൃഗങ്ങൾ, പക്ഷികൾ എന്നിവയിൽ രോഗങ്ങൾ, ഉത്പാദന നഷ്ടം, മരണ സാധ്യതകൾ കണക്കിലെടുത്ത് അരുമ മൃഗങ്ങളുടെ പരിചരണത്തിന് നിർദേശം നൽകുകയാണ് വകുപ്പ്.
ചൂട് കൂടുന്ന സമയങ്ങളിൽ പശുക്കൾ അസ്വസ്ഥരാകുക, ക്രമാതീതമായ അണയ്ക്കൽ, ഉമിനീർ പുറേത്തേക്ക് കളയൽ, വിയർക്കൽ എന്നിവ പശുക്കളുടെ ശരീര ഉൗഷ്മാവ് കുറയ്ക്കുന്നതിനുള്ള സ്വാഭാവിക മാർഗങ്ങളാണ്.
വേനൽ കനക്കുന്പോൾ തൊഴുത്തിന്റെ ഭാഗങ്ങൾ തുറന്ന് നൽകൽ, താത്കാലിക മറകൾ, ഷെയ്ഡ് നെറ്റുകൾ, പ്ലാസ്റ്റിക്ക് ഷീറ്റുകൾ ഉയർത്തികെട്ടണം. തൊഴുത്തിന്റെ ഉയരം പത്ത് അടിയിൽ കുറയരുത്.
മേൽക്കൂരയ്ക്ക് മുകളിൽ വൈക്കോൽ നിരത്തുകയോ ചൂട് പ്രതിരോധിക്കാൻ പെയിന്റുകൾ ഉപയോഗിക്കുകയോ ചെയ്യാം. കുടിക്കാനുള്ള ശുദ്ധജലം എല്ലായിപ്പോഴും പുൽത്തൊട്ടിയിൽ ലഭ്യമാക്കണം. മൈക്രോസ്പ്രിംഗ്ലർ വഴിയുള്ള തണുപ്പിക്കൽ സംവിധാനംപ്രയോജന പ്രദമാണ്. ചൂടിന് ആനുപാതികമായി ഒന്ന് മുതൽ അഞ്ച് മിനുട്ട് വരെതുള്ളിനനയിലൂടെ പശുവിന് തണുപ്പേകും.
സീറോ എനർജി തണുപ്പിക്കൽ പ്രക്രിയയിലൂടെ 13 ഡിഗ്രിവരെ ശരീര താപനില കുറയ്ക്കാൻ സാധിക്കും. അണപ്പ്, വായിൽ നിന്നും പത, തുറന്ന വായ, നീട്ടിയ നാക്ക്, താഴ്ത്തിയ തല, ഉയത്തിയ വാൽക്കട എന്നിവ ചൂട് ആഘാതത്തിന്റെ തോതിനെ സൂചിപ്പിക്കുന്നു. കൊമേഴ്സൽ ഫാമുകളിൽ ഡ്രൈ ബൾബ് വെറ്റ് ബൾബ് തൊർമോ മീറ്റർ ഉപയോഗിച്ച് ആപേക്ഷിത സാന്ദ്രത പരിശോധിച്ച് പശുക്കളിലെ ശരീര താപം നിയന്ത്രിക്കാം.
അതിരാവിലെയും വൈകുന്നേരവും തീറ്റ നൽകൽ, വെയിലില്ലാത്ത സമയങ്ങളിൽ പുറത്തിറക്കൽ, ഒരു പശുവിന് പ്രതിദിനംകുറഞ്ഞത് 100 ലിറ്റർ തോതിൽ നൽകണം. ഓട്ടോമാറ്റിക്ക് ഡ്രിങ്കറുകളാണ് അഭികാമ്യം. കാറ്റുള്ള സ്ഥലങ്ങളിൽ നനച്ച ചാക്ക് വശങ്ങളിൽ തൂക്കിയിട്ടാൽ ചൂട് കുറക്കാൻ സാധിക്കും.
ഉത്പാദന ക്ഷമതയുള്ള പശുക്കൾക്ക് പൊട്ടാസിയം അടങ്ങിയ ധാതുലവണ മിശ്രിതം ഉപ്പ്, അപ്പക്കാരം എന്നിവ ലക്ഷണങ്ങളുടെ തോത് അനുസരിച്ച് നൽകണം. സെൽഫ് പ്രൊപ്പേല്ലിംഗ് റൂഫ് ടോപ്പ് ടർബൈനുകൾ മേൽക്കൂരയിൽ സ്ഥാപിക്കുന്നത് ഉപകാരപ്രദമാണ്.
ശരീര ഉൗഷ്മാവ് കൂടുന്പോൾ പശുക്കളിൽ നിർജ്ജലീകരണം, ശരീരം തളർന്നാൽ ഉടനടി ചികിത്സ നൽകിയില്ലെങ്കിൽ മരണം സംഭവിക്കാം. വേനലിൽ പച്ചപ്പുൽ കുറവായതിനാൽ വൈക്കോൽ കുതിർത്ത് കൊടുക്കുക. ലഭ്യമായ പച്ചപ്പുൽ വൈക്കോലുമായി കൂട്ടികലർത്തി കൊടുക്കൽ. സിങ്ക്, കോപ്പർ, സെലീനിയം മുതലായ സൂക്ഷമ മൂലകങ്ങൾ നൽകുന്നത് ചൂടാഘാതം കുറയ്ക്കാൻ സാധിക്കും.
വളർത്തു പക്ഷികൾക്ക് കൂടുകളുടെ മുകളിൽ തണൽ, വൈക്കോൽ, ഷെയ്ഡ് നെറ്റ് ഉപയോഗിച്ചുള്ള സംരക്ഷണം, വെള്ളം, ചെറിയ കൂടുകൾ തണലിൽ വയ്ക്കുക എന്നിവ ചൂടാഘാതനിയന്ത്രണ മാർഗങ്ങളാണ്. അരുമ മൃഗങ്ങളായ നായ, പൂച്ച മുതലായവയുടെ കൂട് കഠിനമായ വെയിലിൽ നിന്നും മാറ്റണം. ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് ശുദ്ധജലം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കണം.
അരുമ മൃഗങ്ങൾക്ക് പുളി ഇല്ലാത്ത ഒആർഎസ് ലായിനികൾ, പൂച്ചകൾക്ക് ഡ്രൈ ഫുഡ് കൂടാതെ വെറ്റ് ഫുഡ് വേനൽക്കാല പരിചരണത്തിന്റെ ഭാഗമായി നൽകണം. ചൂട് കൂടുന്പോൾ ലക്ഷണങ്ങൾ കാണിക്കുന്ന മൃഗങ്ങളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി വിദഗ്ദ്ധ ചികിത്സ നൽകണമെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.