കുടുംബശ്രീ ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു അവാർഡ് തിളക്കത്തിൽ ബത്തേരി സിഡിഎസ്
1532857
Friday, March 14, 2025 5:51 AM IST
കൽപ്പറ്റ: കുടുംബശ്രീ മിഷന്റെ ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലയിലെ മികച്ച അയൽക്കൂട്ടത്തിനുള്ള അവാർഡ് ബത്തേരി സിഡിഎസിലെ പൗർണമി അയൽക്കൂട്ടം സ്വന്തമാക്കി. മികച്ച സംയോജന, തനത് പ്രവർത്തനം, സാമൂഹിക വികസനം,
സാമൂഹിക ഉൾചേർക്കൽ, ജെൻഡർ റിസോഴ്സ് സെന്റർ എന്നീ വിഭാഗങ്ങളിൽ ബത്തേരി സിഡിഎസ് അവാർഡ് നേടി. മികച്ച എഡിഎസായി വെള്ളമുണ്ട സിഡിഎസിലെ പുലിക്കാടും മികച്ച സംരംഭ യൂണിറ്റായി പൊഴുതന സിഡിഎസിലെ നൻമയും മികച്ച വ്യക്തിഗത സംരംഭകയായി പൂതാടി സിഡിഎസിലെ പഞ്ചവർണയും അവാർഡ് കരസ്ഥമാക്കി.
മികച്ച ഓക്സിലറി സംരംഭമായി പൂതാടി സിഡിഎസിലെ ഗ്രാമം യൂണിറ്റും മികച്ച ഓക്സിലറി ഗ്രൂപ്പായി ബത്തേരി സിഡിഎസിലെ ധ്വനിയും മികച്ച കാർഷികേതര സിഡിഎസായി മുട്ടിലിനെയും മികച്ച ബഡ്സ് സ്കൂളായി തിരുനെല്ലി സിഡിഎസിലെ ബഡ്സ് പാരഡൈസ് സ്കൂളും മികച്ച ട്രൈബൽ പ്രവർത്തനതിന് തിരുനെല്ലി സിഡിഎസിനെയും മികച്ച കാർഷിക മൃഗസംരക്ഷണ പ്രവർത്തിന് അന്പലവയൽ സിഡിഎസിനെയും മികച്ച ഉൗരു സമിതിയായി തിരുനെല്ലി സിഡിഎസിലെ സ്ത്രീ ശക്തിയേയും തെരഞ്ഞെടുത്തു.
കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ ഉൗർജിതമാക്കുക, കുടുംബശ്രീ അംഗങ്ങൾക്ക് മികച്ച പ്രോത്സാഹനം നൽകുക, അർഹരായവർക്ക് അംഗീകാരം നൽകുക എന്നിവയാണ് അവാർഡുകൾ നൽകുന്നതിന്റെ പ്രധാന ലക്ഷ്യം. ജില്ലാതല അവാർഡിന് അർഹരായവർ സംസ്ഥാനതല അവാർഡിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കും. പതിനാല് മേഖലകളിലെ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
മുട്ടിൽ കോപ്പർ കിച്ചൻ ഹാളിൽ സംഘടിപ്പിച്ച അവാർഡ് നിർണയ പരിപാടി കുടുംബശ്രീ ഗവേർണിംഗ് ബോഡി അംഗം പി.കെ. സൈനബ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. എഡിഎംസിമാരായ കെ.കെ. അമീൻ, വി.കെ. റെജീന, കെ.എം. സലീന, സിഡിഎസ് ചെയർപേഴ്സണ്മാർ, മെംബർ സെക്രട്ടറിമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ബ്ലോക്ക് കോഓർഡിനേറ്റർമാർ, അക്കൗണ്ടന്റ്റുമാർ എന്നിവർ പങ്കെടുത്തു.