റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന്
1532858
Friday, March 14, 2025 5:51 AM IST
മാനന്തവാടി: മക്കിക്കൊല്ലി-പുഞ്ചകടവ്-കാട്ടിമൂല റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് കർമ സമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. റോഡ് പൂർണമായും തകർന്ന് ഗതാഗതം നിലയ്ക്കുന്ന സാഹചര്യത്തിൽ പ്രശ്നപരിഹാരത്തിന് നാട്ടുകാരുടെ നേതൃത്വത്തിൽ കർമസമിതി രൂപീകരിച്ചു.
പ്രസ്തുത റോഡ് ഉന്നതനിലവാരത്തിൽ പ്രവർത്തി പൂർത്തീകരിച്ചാൽ മാനന്തവാടിയിൽ നിന്നു കുറഞ്ഞ ദൂരത്തിൽ വളവുകളോ കയറ്റങ്ങളോ ഇല്ലാതെ കുറ്റിയാടി, കോഴിക്കോട്, തലശേരി, കൊട്ടിയൂർ ഭാഗങ്ങളിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.
എന്നാൽ അധികാരികളുടെ അവഗണനയിൽ കാലങ്ങളായി റോഡ് നിർമാണം മുടങ്ങി കിടക്കുകയാണ്. ഈ വിഷയത്തിൽ 2022 മുതൽ സ്ഥലം എംഎൽഎയ്ക്കും പൊതുമരാമത്തു മന്ത്രിക്കും നിവേദനങ്ങൾ കൊടുത്ത് കാത്തിരിക്കുകയാണ്. പ്രദേശവാസികളുടെ ഈ ആവശ്യത്തിന് എത്രയും വേഗം പരിഹാരം ഉണ്ടാകണമെന്ന് കർമ്മസമിതി ആവശ്യപ്പെട്ടു.
തവിഞ്ഞാൽ പഞ്ചായത്ത് അംഗം ജോസ് കൈനികുന്നേൽ, കർമസമിതി ചെയർമാൻ ഷാജി മംഗലത്ത്, കണ്‍വീനർ ടി. വിൻസെന്റ്, തവിഞ്ഞാൽ പഞ്ചായത്ത് അംഗം റോസമ്മ ബേബി, മുനിസിപ്പാലിറ്റി കൗണ്‍സിലർ പുഷ്പ രാജൻ, മനോജ് കല്ലരിക്കാട്ട്, പി.ടി. രവി, വാരിജാക്ഷൻ മക്കികൊല്ലി, കെ.ഡി. ആൽബിൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.