കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശത്ത് വനം വകുപ്പ് തെരച്ചിൽ നടത്തി
1532856
Friday, March 14, 2025 5:51 AM IST
പുൽപ്പള്ളി: കഴിഞ്ഞ ദിവസം നാട്ടുകാർ കടുവയെ കണ്ട വേടങ്കോട്ട് പ്രദേശത്ത് വനപാലകരുടെ നേതൃത്വത്തിൽ വീണ്ടും തെരച്ചിൽ നടത്തി.
വ്യാഴാഴ്ച രാവിലെ മുതലാണ് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ. നിജേഷിന്റെ നേതൃത്വത്തിലാണ് ജീവനക്കാർ പ്രദേശത്തെ തോട്ടങ്ങളിലും കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങളിലും തെരച്ചിൽ നടത്തിയത്.
എന്നാൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ലെന്നാണ് വനംവകുപ്പ് ജീവനക്കാർ പറയുന്നത്. ഈ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിച്ച് നിരീക്ഷണം തുടരുമെന്ന് ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.കെ. രാജീവ്കുമാർ പറഞ്ഞു.
എന്നാൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശത്തെ കർഷകർക്ക് കൃഷിയിടങ്ങളിൽ ഇറങ്ങാൻപോലും കഴിയാത്ത സ്ഥിതിയാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പുൽപ്പള്ളി ടൗണിനോട് ചേർന്ന ആനപ്പാറ, താഴെയങ്ങാടി, വേടങ്കോട്, എരിയപ്പള്ളി പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ ക്ഷീരകർഷകർക്ക് പുലർച്ചെ പാൽകറക്കാൻപോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.