യാത്രക്കാർക്ക് ഭീഷണിയായി റോഡുകളിൽ അലഞ്ഞുതിരിഞ്ഞ് നായകൾ
1532861
Friday, March 14, 2025 5:51 AM IST
മാനന്തവാടി: അഗ്രഹാരം ഹൗസിംഗ് കോളനി റോഡിൽനിന്നും പാണ്ടിക്കടവ്, കാക്കഞ്ചേരി എന്നിവിടങ്ങളിലേക്കുള്ള പാതകളിൽ ചുറ്റിത്തിരിയുന്ന നായകൾ കാൽനടയാത്രക്കാർക്ക് ഭീഷണിയായി. അഗ്രഹാരം ഹൗസിംഗ് കോളനിക്കു നടുവിലുള്ള റോഡിൽ ഏതാനും നായകളുടെ സ്ഥിരം സാന്നിധ്യമുണ്ട്. ഇവ വളർത്തുനായകളാണോ തെരുവുനായകളാണോ എന്നതിൽ വ്യക്തതയില്ല. പുലർച്ച ആളുകൾ നടന്നുപോകുന്പോൾ വീടുകൾക്കു മുന്പിൽനിന്നാണ് ഇവ റോഡിലേക്ക് ഓടിവരുന്നത്.
പാണ്ടിക്കടവിനും കാക്കഞ്ചേരിക്കുമുള്ള റോഡുകളിൽ നിരവധി നായകളെ കാണാം. കഴുത്തിൽ ബെൽറ്റ് ഉള്ളവയും ഇക്കൂട്ടത്തിലുണ്ട്. നായകൾ ആക്രമണ സ്വഭാവം കാട്ടുന്നില്ലെങ്കിലും ഭയത്തോടെയാണ് ആളുകളുടെ നടപ്പ്. നടന്നുപോകുന്നവരെ മിക്ക നായകളും കുറച്ചുനേരം പിന്തുടരാറുണ്ട്.
വളർത്തുനായകളെ റോഡിൽ വിടുന്നതു തടയാനും തെരുവുനായകളെ പിടികൂടി മാറ്റുന്നതിനും തദ്ദേശ സ്ഥാപന അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് അഗ്രഹാരത്തും സമീപങ്ങളിലുമുള്ളവരുടെ ആവശ്യം.