ഏറാട്ടുകുണ്ടിലുള്ളത് മുണ്ടക്കൈ കരിമം ഉരുൾപൊട്ടൽ അതിജീവിച്ച പ്രാക്തന ഗോത്ര കുടുംബങ്ങൾ
1514067
Friday, February 14, 2025 4:12 AM IST
കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിൽ താമസിക്കുന്നത് 1984ൽ മുണ്ടക്കൈ കരിമറ്റം എസ്റ്റേറ്റിലുണ്ടായ ഉരുൾപൊട്ടലിനെ അതിജീവിച്ച കുടുംബങ്ങൾ. പ്രാക്തന ഗോത്ര വിഭാഗത്തിൽപ്പെടുന്നതാണ് ഏറാട്ടുകുണ്ടിൽ താമസിക്കുന്ന ചോലനായ്ക്കർ. അരുണപ്പുഴയുടെ ഓരത്താണ് ഇവർ വസിച്ചിരുന്നത്.
കരിമറ്റം പ്രകൃതിദുരന്തത്തിൽ ചോലനായ്ക്ക വിഭാഗത്തിലെ എത്രപേർ മരിച്ചുവെന്നതിൽ ഇപ്പോഴും വ്യക്തയില്ല. മൂപ്പൻ ബാലന്റെ നേതൃത്വത്തിലാണ് ഏതാനും ചോലനായ്ക്ക കുടുംബങ്ങൾ ഏറാട്ടുകുണ്ടിൽ എത്തിയത്. ഇവിടെ പാറയിടുക്കിലായിരുന്നു ആദ്യം വാസം.
പൊതുപ്രവർത്തകർ ഉൾപ്പെടെ ഇടപെട്ടാണ് കുടുംബങ്ങളെ സർക്കാർ പണിതുനൽകിയ വീടുകളിലേക്ക് മാറ്റിയത്. പുഞ്ചിരിമട്ടം ഉരുൾപൊട്ടലിനെത്തുടർന്ന് അട്ടമലയിലെ മിക്ക കുടുംബങ്ങളും ഒഴിഞ്ഞുപോയെങ്കിലും ചോലനായ്ക്കർ മാറിത്താമസിക്കാൻ സന്നദ്ധരായില്ല.
ജനപ്രതിനിധികളടക്കം പലവട്ടം നിർബന്ധിച്ചശേഷമാണ് മൂന്നു കുടുംബങ്ങൾ എസ്റ്റേറ്റ് പാടിയിൽ താമസമാക്കിയത്. എത്ര പ്രതിസന്ധിയുണ്ടായാലും തനത് സംസ്കാരവും ആചാരങ്ങളുമായി ചേർന്നുനിൽക്കാൻ താത്പര്യപ്പെടുന്ന ആദിവാസി വിഭാഗമാണ് ചോലനായ്ക്കർ. മുന്പ് വനത്തെ ആശ്രയിച്ചായിരുന്നു മുഖ്യമായും ഇവരുടെ ഉപജീവനം.