ശാസ്ത്രീയ ഉപദേശം തേടാൻ സർക്കാർ തയാറാകണം: പ്രശാന്ത് മലവയൽ
1514060
Friday, February 14, 2025 4:09 AM IST
കൽപ്പറ്റ: വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനുള്ള നടപടികളുടെ ഭാഗമായി സർക്കാർ ശാസ്ത്രീയ ഉപദേശം തേടണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ആവശ്യപ്പെട്ടു.
ജില്ലയിൽ അടിക്കടി വന്യമൃഗ ആക്രമണങ്ങളിൽ മനുഷ്യർ കൊല്ലപ്പെടുകയാണ്. വനാതിർത്തികളിൽ മതിയായ പ്രതിരോധ സംവിധാനങ്ങൾ ഇല്ലാത്തതാണ് ആനയും കടുവയും മറ്റും ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതിനു കാരണം.
കാട്ടാനകളെ പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തിയിട്ടു കാര്യമില്ല. വന്യജീവികൾ നാട്ടിലെത്തുന്നത് തടയുകയാണ് ആവശ്യം. വനത്തിൽനിന്നു കിട്ടുന്ന വരുമാനം മുഴുവനും വനസംരക്ഷണത്തിനു ഉപയോഗിക്കണം.
രാജ്യത്തിന്റെ ഒരറ്റം മുതൽ മറുതല വരെ ആറ് വരിയിലും എട്ട് വരിയിലും പാതകൾ നിർമിക്കുന്ന കാലത്ത് വനാതിർത്തിയിലെ ട്രഞ്ചുകൾ പുനർനിർമിക്കാൻ കഴിയുന്നില്ല എന്ന വാദം അംഗീകരിക്കാനാകില്ല. ഇനിയും വന്യമൃഗ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെടുന്നത് ഒഴിവാക്കാൻ ഉത്തരവാദപ്പെട്ടവർ ഉണർന്നുപ്രവർത്തിക്കണമെന്നും പ്രശാന്ത് ആവശ്യപ്പെട്ടു.