വന്യജീവി ആക്രമണം: പ്രശ്ന പരിഹാരത്തിന് എംപി ഇടപെടണമെന്ന് എൽഡിഎഫ്
1514058
Friday, February 14, 2025 4:09 AM IST
കൽപ്പറ്റ: രൂക്ഷമായ വന്യമൃഗ ആക്രമണങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ പ്രശ്നപരിഹാരത്തിന് വയനാട് എംപിയും കോണ്‍ഗ്രസും യുഡിഎഫും ഇടപെടണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വന്യമൃഗശല്യം പരിഹരിക്കുന്നതിൽ തടസം കേന്ദ്രസർക്കാരിന്റെ നിലപാടുകളാണ്. ഇത് തിരുത്തിക്കാനും ആവശ്യങ്ങൾ നേടിയെടുക്കാനും മുൻകൈയെടുക്കേണ്ടത് എംപിയാണ്.
മുൻ എംപി രാഹുൽഗാന്ധിയും ഇപ്പോഴത്തെ എംപി പ്രിയങ്കയും ഇക്കാര്യത്തിൽ പൂർണ പരാജയമാണ്. വല്ലപ്പോഴും മണ്ഡലത്തിലെത്തി ആഡംബര ഹോട്ടലുകളിൽ താമസിച്ച് കവലകളിൽ പ്രസംഗിച്ച് മടങ്ങുകയാണ് പ്രിയങ്ക ഗാന്ധി. ഇതിനപ്പുറം ഒരു ഇടപെടലും ഇല്ല.കേന്ദ്ര ബജറ്റിന് തൊട്ടുമുന്‍പ് വന്യമൃഗ പ്രതിരോധത്തിന് സംസ്ഥാനം കേന്ദ്രത്തിന് ആയിരം കോടിയുടെ പാക്കേജ് സമർപ്പിച്ചു. നയാപൈസ അനുവദിക്കാതിരുന്നിട്ടും എംപിയോ ജില്ലയിലെ കോണ്‍ഗ്രസ്,ലീഗ് നേതാക്കളോ അനങ്ങിയിട്ടില്ല. പരമാവധി കാര്യങ്ങൾ ചെയ്യുന്ന സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നതിലാണ് യുഡിഎഫ് നേതാക്കൾ വ്യഗ്രത കാട്ടിയത്.
1972ൽ ഇന്ദിരാഗാന്ധി കൊണ്ടുവന്ന വനം-വന്യജീവി നിയമമാണ് വന്യമൃഗശല്യ പ്രതിരോധത്തിന് വലിയ തടസ്സം. ഇത് ഭേദഗതി ചെയ്യണമെന്ന് സംസ്ഥാന സർക്കാരും എൽഡിഎഫും നിരന്തരംആവശ്യപ്പെട്ടിട്ടും കേന്ദ്രം തയാറായില്ല. ഇക്കാര്യത്തിൽ എന്തുചെയ്തുവെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്കയും കോണ്‍ഗ്രസും വ്യക്തമാക്കണം.
നിയമം ഭേദഗതി ചെയ്യുന്നതിന് വയനാട് എംപിക്ക് പാർലമെന്റിൽ സ്വകാര്യ ബിൽ കൊണ്ടുവരാവുന്നതാണ്. എളുപ്പത്തിൽ നിയമം ദേഭഗതി ചെയ്യാനാകില്ലെന്ന പ്രിയങ്കയുടെ നിലപാട് അംഗീകരിക്കാനാകില്ല. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ വന്യമൃഗാക്രമണം ഉണ്ടാകുന്ന ജില്ലയിലെ എംപിയാണ് പ്രിയങ്ക ഗാന്ധി. ജനങ്ങളോടൊപ്പം നിൽക്കാൻ അവർ തയാറാകണമെന്നും എൽഡിഎഫ് ആവശ്യപ്പെട്ടു.