നൂൽപ്പുഴയിൽ കാട്ടുകൊമ്പനെ തുരത്താന് കുങ്കിയാനകളും
1514057
Friday, February 14, 2025 4:09 AM IST
സുൽത്താൻ ബത്തേരി: നൂൽപ്പുഴ പഞ്ചായത്തിലെ വനഗ്രാമമായ കാപ്പാട് ഗോത്രയുവാവിനെ കൊന്ന് ഭീതിവിതച്ച കാട്ടുകൊന്പനെ ഉൾവനത്തിലേക്ക് തുരത്താൻ കുങ്കിയാനകളെത്തി.
മുത്തങ്ങ ആനപന്തിയിലെ വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് കാപ്പാട് മേഖലയിൽ എത്തിച്ചത്. കാട്ടുകൊന്പൻ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാനാണ് പ്രധാനമായും നോക്കുന്നത്. രാവും പകലും കുങ്കിയാനകൾ ഈ ഭാഗത്തുണ്ട്. കൂടാതെ പട്രോളിംഗും വനംവകുപ്പ് രാപകൽ ശക്തമാക്കിയിട്ടുണ്ട്. കുണ്ടൂർ മുതൽ കാപ്പാട് ഉൗട്ടിറോഡ് വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിൽ കിടങ്ങും നന്നാക്കുന്നുണ്ട്.
ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റാൻ കഴിയുന്ന ഭാഗം നവീകരിച്ചു. തുടർന്നുള്ള ഭാഗം ഹിറ്റാച്ചി എത്തിച്ച് നവീകരിക്കും. ഇന്നുമുതൽ ഈ പ്രവർത്തി ആരംഭിക്കും. കൂടാതെ ഈ ഭാഗത്തെ ഫെൻസിംഗും തമിഴ്നാട് വനംവകുപ്പുമായി സഹകരിച്ച് അറ്റകുറ്റപ്പണികൾ ചെയ്ത് കാര്യക്ഷമമാക്കുന്ന പ്രവർത്തിയും ഇന്നുമുതൽ ആരംഭിക്കുമെന്ന് മുത്തങ്ങ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.
തിങ്കാളാഴ്ച രാത്രിയാണ് കാപ്പാട് തറവാട്ട് വീട്ടിലേക്ക് വന്ന വെള്ളരി മെഴുകുമൂല ഉന്നതിയിലെ മാനു(45)നെ കാട്ടാന കൊന്നത്. തറവാട് വീടിനുസമീപത്ത് മാനു കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. പിന്നീട് മാനു മരിച്ചവിവരം ചൊവ്വാഴ്ച പുലർച്ചെയാണ് പുറം ലോകമറിഞ്ഞത്. ഇതോടെ വനംവകുപ്പിനെതിരേ ശക്തമായി പ്രതിഷേധവും ഉടലെടുത്തു.
പ്രദേശത്തെ ആനപ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് കാട്ടാന ജനവാസകേന്ദ്രത്തിലിറങ്ങാൻ കാരണമെന്നും ആരോപണം ഉയർന്നിരുന്നു. ജനപ്രതിനിധികളും വയനാട് വന്യജീവിസങ്കേതം മേധാവി വരുണ്ഡാലിയ അടക്കം ചേർന്ന സർവകക്ഷി യോഗത്തെ തുടർന്നാണ് പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമമാക്കുന്ന പ്രവർത്തി അടിയന്തരമായി വനംവകുപ്പ് ആരംഭിച്ചത്.