വിലങ്ങാട് ഉരുള്‍പൊട്ടല്‍: വീട് നഷ്ടപ്പെട്ടവര്‍ക്ക് തുക നല്‍കിത്തുടങ്ങി
1544496
Tuesday, April 22, 2025 7:24 AM IST
നാദാപുരം: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭ്യമായി തുടങ്ങി. വീട് പൂര്‍ണമായും നഷ്ടമാവുകയും ഭാഗീകമായി തകര്‍ന്ന് വാസയോഗ്യമല്ലാതായി മാറുകയും ചെയ്ത കുടുംബങ്ങള്‍ക്കാണ് പുനരധിവാസ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 15 ലക്ഷം രൂപ ധനസഹായം അനുവദിച്ചിരിക്കുന്നത്.
വയനാട് പക്കേജിന് സമാന തുകയാണ് വിലങ്ങാട്ടെ ദുരിതബാധിതര്‍ക്കും ലഭിച്ചിരിക്കുന്നത്. ആദ്യ പരിഗണനയിലുള്ള 31 കുടുംബങ്ങളുടെ ലിസ്റ്റാണ് ജില്ല ദുരന്തനിവാരണ വിഭാഗത്തിന് കൈമാറിയത്. ഇതില്‍ 29 കുടുംബങ്ങള്‍ക്ക് ശനിയാഴ്ച്ച മുതല്‍ പണം ലഭിച്ചു തുടങ്ങി. രണ്ട് കുടുംബത്തിന് തുക അനുവദിക്കാന്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് റവന്യു വിഭാഗത്തിന്റെ കണ്ടെത്തല്‍.
രണ്ടാം ഘട്ടത്തില്‍ 35 പേരുടെ ലിസ്റ്റ് ജില്ല ദുരന്തനിവാരണ അഥോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഒറ്റപെട്ടു പോയ വീടുകള്‍, വഴിയില്ലാത്ത വീടുകള്‍ ഉള്‍പെടെയുള്ളവയാണ് രണ്ടാം ഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ പരിശോധന പൂര്‍ത്തിയാവേണ്ടതുണ്ട്. അതിന് ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുകയുള്ളൂ. സ്ഥലം വാങ്ങാനുള്ള തുക അനുവദിച്ചെങ്കിലും വിലങ്ങാട്, കരുകുളം ഉള്‍പെടെയുള്ള പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് വിലക്കുള്ളത് കാരണം വീട് നിര്‍മ്മാണം തുടങ്ങാന്‍ കഴിയാത്ത അവസ്ഥയുണ്ട്. കളക്ടര്‍ വാക്കാല്‍ ഏര്‍പ്പെടുത്തിയ നിര്‍മ്മാണ വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യവും പ്രദേശവാസികളില്‍ ശക്തമാണ്