ബാർബർ ഷോപ്പുകളിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി
1544705
Wednesday, April 23, 2025 5:14 AM IST
കൂടരഞ്ഞി: വേണ്ടത്ര ശുചിത്വമില്ലാതെ പ്രവർത്തിക്കുന്നുവെന്ന പരാതിയിൽ ബാർബർ ഷോപ്പുകളിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. മൗണ്ട് ഹീറോസ് ജനകീയ കൂട്ടായ്മയിലൂടെ ഉയർന്നുവന്ന പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ നിർദേശത്തെ തുടർന്നായിരുന്നു ബാർബർ ഷോപ്പുകളിൽ മിന്നൽ പരിശോധനയും ശുചിത്വ ബോധവത്കരണവും നടത്തിയത്.
ശുചിത്വ മാനദണ്ഡങ്ങൾ ഇല്ലാതെ പ്രവർത്തിച്ച ബാർബർ ഷോപ്പുകൾക്ക് നോട്ടീസ് നൽകി. വൃത്തിഹീനമായതും കാലാവധി കഴിഞ്ഞ ക്രീമുകൾ ഉപയോഗിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി.
ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച ബാർബർ ഷോപ്പുകൾ ലൈസൻസ് എടുത്തേ പ്രവർത്തിക്കാൻ പാടുള്ളുവെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സി. രാജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. സന്ദീപ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.