കര്‍ഷക സേവനകേന്ദ്രം ഉദ്ഘാടനം ചെയ്തു
1544697
Wednesday, April 23, 2025 5:10 AM IST
മുക്കം: കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ വിപുലീകരിച്ച ഗ്രീൻലാന്റ് കര്‍ഷക സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സന്തോഷ് സബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
സര്‍ക്കാര്‍ സഹകരണ വകുപ്പ് മുഖേന കുന്നമംഗലം ബ്ലോക്കുതലത്തില്‍ കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് അനുവദിച്ച കര്‍ഷക സേവനകേന്ദ്രം എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ എരഞ്ഞിമാവിന് സമീപമാണ് പ്രവര്‍ത്തിച്ചുവരുന്നത്.
കാര്‍ഷിക ഉല്പാദനം വർധിപ്പിക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ബ്ലോക്കുതലത്തില്‍ ഏകോപിപ്പിക്കുക, കര്‍ഷകര്‍ക്ക് ഗുണമേന്മയുള്ള വിത്ത്, വളം, കീടനാശിനി എന്നിവ ലഭ്യമാക്കുക, ആധുനിക രീതിയില്‍ ശാസ്ത്രീയമായി കൃഷി ചെയ്യുന്നതിന് കര്‍ഷകര്‍ക്ക് പരിശീലനവും നിര്‍ദ്ദേശങ്ങളും നല്‍കുക,
കര്‍ഷകര്‍ക്ക് ആവശ്യമായ കാര്‍ഷികോപകരണങ്ങള്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന കര്‍ഷകസേവന കേന്ദ്രത്തില്‍ കൃഷിക്കാവശ്യമായ എല്ലാവിധ ഹൈബ്രീഡ് വിത്തുകള്‍, തൈകള്‍, വിവിധ തരം ഫലവൃക്ഷ തൈകള്‍, ആകര്‍ഷകമായ അലങ്കാര ചെടികള്‍, ചെടി ചട്ടികള്‍, കാര്‍ഷിക മേഖലക്കാവശ്യമായ ഉപകരണങ്ങള്‍, ജൈവ വളങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
നവീകരിച്ച കര്‍ഷക സേവനകേന്ദ്രത്തിലെ ആദ്യ വില്പന കൊടിയത്തൂര്‍ കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് നിഷക്ക് നല്കി ലിന്റോ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ ബാങ്ക് ഡയറക്ടര്‍മാരായ ഷാജു പ്ലാത്തോട്ടം, എം.കെ ഉണ്ണിക്കോയ, കെ.സി. മമ്മത്കുട്ടി, നൂര്ജഹാന്, എം. കുഞ്ഞിപ്പ എന്നിവര്‍ പ്രസംഗിച്ചു.