ഇന്ത്യന്‍ ഭരണഘടനയെ കൂട്ടിയോജിപ്പിക്കുന്നത് ബഹുസ്വരത: മന്ത്രി കെ. രാജന്
1544695
Wednesday, April 23, 2025 5:10 AM IST
കോഴിക്കോട്: വൈവിധ്യങ്ങളുടെ ബഹുസ്വരതയാണ് ഇന്ത്യന്‍ ഭരണഘടനയെ കൂട്ടിയോജിപ്പിക്കുന്നതെന്ന് റവന്യു മന്ത്രി കെ. രാജന്. ഭരണഘടനയുടെ 75-ാം വാര്ഷികാഘോഷത്തിണന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് അങ്കണത്തില്‍ പണി പൂര്‍ത്തീകരിച്ച ഭരണഘടന ചത്വരം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഫെഡറല്‍ തത്വങ്ങള്‍ക്കും ജനാധിപത്യ വ്യവസ്ഥകള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണെന്നത്കൊണ്ട് കേന്ദ്രം നടപ്പാക്കിയ പല ബില്ലുകള്ക്കെതിരേയും കേരള നിയമസഭ ഐകകണ്ഠ്യേന പ്രമേയങ്ങള്‍ പാസാക്കാന്‍ നിര്‍ബന്ധിതമായിട്ടുണ്ടെന്നും രാജ്യത്തിന്റെ ഭരണഘടനയെ മുറുകെ പിടിക്കേണ്ട കാലത്ത് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4.7 ലക്ഷം രൂപ ചെലവിട്ടാണ് ഭരണഘടന ചത്വരം ഒരുക്കിയത്. ഇന്ത്യന്‍ ഭരണഘടയുടെ ആമുഖം, ദണ്ഡി യാത്ര, അംബേദ്കര്‍, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ എന്നിവക്ക് പുറമെ ഇന്ത്യന്‍ കാര്‍ഷിക രംഗത്തെയും സൈന്യത്തെയും ഭരണഘടന ചത്വരത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ലിനീഷ് കാഞ്ഞിലശേരിയാണ് പ്രധാന ശില്പി.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷ വഹിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയര്‍ സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.കെ. രാഘവന് എംപി, തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളായി. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫിര്‍ അഹമ്മദ്, കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.കെ. നാസര്‍, കൗണ്‍സിലര്‍ എം.എന്‍. പ്രവീണ്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.വി. റീന, വി.പി. ജമീല, നിഷ പുത്തന്‍പുരയില്‍,
സുരേന്ദ്രന്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുരേഷ്, എം. ധനീഷ് ലാല്‍, മുക്കം മുഹമ്മദ്, എം.പി. ശിവാനന്ദന്, എഡിഎം മുഹമ്മദ് റഫീഖ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി. ഗവാസ്, സെക്രട്ടറി ടി.ജി. അജേഷ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചത്വരത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയായവരെ പരിപാടിയില്‍ ആദരിച്ചു.