വയോധികർക്ക് ആദരമൊരുക്കി നൊച്ചാട് പഞ്ചായത്ത്
1544708
Wednesday, April 23, 2025 5:14 AM IST
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്ത് നാലാം വാർഷികാഘോഷത്തിനോടനുബന്ധിച്ച് നടത്തുന്ന ജനകീയ ഫെസ്റ്റിന്റെ ഭാഗമായി കാരണവർ സംഗമം സംഘടിപ്പിച്ചു. വെള്ളിയൂരിൽ നടന്ന സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് പി.എം. ശാരദ പട്ടേരിക്കണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ 80 കഴിഞ്ഞ നൂറിൽപരം വയോധികരെ ആദരിച്ചു. എഴുത്തുകാരനും ചിത്രകാരനുമായ സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുഞ്ഞിക്കണ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ ബിന്ദു അമ്പാളി, ശോഭന വൈശാഖ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭാ ശങ്കർ, എസ്. രാജീവ്, ഷിജി കൊട്ടാരക്കൽ എന്നിവർ പ്രസംഗിച്ചു. നാടൻപാട്ട് കലാകരൻ മജീഷ് കാരയാടിന്റെ കലാവിരുന്നും അരങ്ങേറി.