അങ്കണവാടികൾ അമ്മയുടെയും കുഞ്ഞുങ്ങളുടെയും സംരക്ഷണ കേന്ദ്രങ്ങൾ: എളമരം കരീം
1544700
Wednesday, April 23, 2025 5:10 AM IST
താമരശേരി: അങ്കണവാടികൾ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഗർഭിണികളുടെയും സംരക്ഷണകേന്ദ്രങ്ങളാണെന്ന് മുൻ എംപി എളമരം കരീം അഭിപ്രായപ്പെട്ടു. കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ പതിനെട്ടാം ഡിവിഷൻ കരുവൻപൊയിലിൽ രാജ്യസഭ എംപിയായിരുന്ന എളമരം കരീം അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച മോയോട്ടുകടവ് അങ്കണവാടി പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ തന്നെ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ പതിനേഴാം ഡിവിഷനിലെ കളത്തിങ്ങൽ - പേരൂർ മുണ്ടോട്ട് റോഡിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ചടങ്ങിൽ അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ നടുവിൽ കണ്ടി മുഹമ്മദിനെയും സർവീസിൽ നിന്നും വിരമിക്കുന്ന അങ്കണവാടി വർക്കർ ശോഭനയെയും ആദരിച്ചു. പരിപാടിയിൽ പിടിഎ റഹീം എംഎൽഎ അധ്യക്ഷത വഹിച്ചു.
മുൻ എംഎൽഎ കാരാട്ട് റസാക്ക്, ഷറഫുദ്ദീൻ, മുനിസിപ്പൽ സെക്രട്ടറി കെ. സുധീർ, മാതോലത്ത് അബ്ദുല്ല, ഡോ. എ.കെ. അബ്ദുൽ ഖാദർ, പി.പി. മുഹമ്മദ്, പി.പി. ഹുസൈൻ, ഡിവിഷൻ കൗൺസിലർ വായോളി മുഹമ്മദ്, പി. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.