യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ടുപേര്‍കൂടി പിടിയില്‍
1545058
Thursday, April 24, 2025 6:29 AM IST
പേരൂര്‍ക്കട: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേരെക്കൂടി മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ഷിജു എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടി.
മൂന്നാംപ്രതി പെരുങ്കടവിള സ്വദേശിയും നിലവില്‍ തമിഴ്നാട് കൊല്ലംകോട് കച്ചേരിനട അയ്യന്കോവിലിനു സമീപം താമസിച്ചുവരുന്നയാളുമായ അജിത്ത് (26), നാലാംപ്രതി കുളത്തൂര്‍ ചിറ്റക്കോട് വള്ളിവിള വീട്ടില്‍ ശ്രീജു (18) എന്നിവരാണ് പിടിയിലായത്.
ഏപ്രില്‍ 7നു പുലര്‍ച്ചെയായിരുന്നു കേസിന്നാസ്പദമായ സംഭവം. കരിമഠം സ്വദേശി ഷിബിന്‍ (25) ആണ് കഴുത്തിനു കുത്തേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരം ഓവര്‍ബ്രിഡ്ജിന് സമീപം ഒരുമാസം മുമ്പ് ഒരു അടിപിടിയുണ്ടായിരുന്നു.
ഷിബിന്റെ സുഹൃത്ത് കാല്വിന് നടത്തിവരുന്ന മൊബൈല്‍ ഷോപ്പിലെത്തിയ പ്രതികൾ കാല്‍വിനുമായി പണത്തെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. ഇതില്‍ ഷിബിന്റെ ഇടപെടലുണ്ടായതാണു വിരോധത്തിന് കാരണമായത്. സംഭവദിവസം പട്ടത്തിനടുത്തുള്ള ഒരു ചായക്കടയിലെത്തിയ പ്രതികള്‍ ഷിബിനെ കാണുകയും ഇയാളെ കഴുത്തിനു കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
കൃത്യം നടത്തിയശേഷം ഇന്നോവ കാറില്‍ രക്ഷപ്പെട്ട സംഘത്തില്‍ ഉള്‍പ്പെട്ട കാരോട് സ്വദേശികളായ ആദര്‍ശ് (19), അമിത്കുമാര്‍ (24) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഒളിവില്‍ക്കഴിഞ്ഞു വരികയായിരുന്നു അജിത്തും ശ്രീജുവും.
അസി. കമ്മീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ സിപിഒമാരായ ഷിനി, ശരത്ത്, അനീഷ്, ബിജു, സന്തോഷ്, അരുണ്‍ദേവ്, പത്മരാജ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയിലെ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസ ത്തേക്കു റിമാൻഡ് ചെയ്തു.