വൈദ്യുതി ശ്മശാനം നോക്കുകുത്തി; യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു
1545055
Thursday, April 24, 2025 6:29 AM IST
മാറനല്ലൂർ: മാറനല്ലൂർപഞ്ചായത്തിൽ അഞ്ചുവർഷംമുൻപ് സ്ഥാപിച്ച വൈദ്യുതി ശ്മശാനം നോകുകുത്തിയായി. രണ്ടുവർഷംമുൻപു പ്രവർത്തനം നിലച്ച വൈദ്യുതശ്മശാനത്തിന്റെ യന്ത്രങ്ങൾ തുരുമ്പെടുത്തു നശിക്കുന്നു.
2020-ലാണ് മാറനല്ലൂരിൽ വൈദ്യുതശ്മശാനം പ്രവർത്തനം ആരംഭിച്ചത്. നെയ്യാറ്റിൻകര, ആര്യങ്കോട്, പെരുങ്കടവിള, കാട്ടാക്കട, ബാലരാമപുരം പഞ്ചായത്തുകളിലുള്ളവർക്ക് മാറനല്ലൂരിൽ ആരംഭിച്ച പൊതുശ്മശാനം ഏറെ സഹായകരമായിരുന്നു.
കോവിഡ്കാലത്ത് മൃതദേഹം സംസ്കരിക്കുന്നതിനു നേരിട്ട ബുദ്ധിമുട്ട് കണക്കിലെടുത്താണ് വൈദ്യുതിശ്മശാനത്തിനു സമീപം വാതകശ്മശാനംകൂടി നിർമിക്കാൻ പഞ്ചായത്ത് തീരുമാനമെടുത്തത്. എന്നാൽ, വാതകശ്മശാനത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിനു മാസങ്ങൾക്കു മുൻപുതന്നെ വൈദ്യുതിശ്മശാനം തകരാറിലായി.
ഇപ്പോൾ രണ്ടുവർഷത്തിലേറെയായി വൈദ്യുത ശ്മശാനം പൂട്ടിയിട്ടനിലയിലാണ്. വൈദ്യുതി ശ്മശാനത്തിന്റെ നവീകരണം നടത്താൻ 30 ലക്ഷത്തോളം രൂപ വേണ്ടിവരുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. വാതകശ്മശാനത്തിന്റെ പ്രവർത്തനംമാത്രം ഇപ്പോൾ നടത്തുന്നത് പഞ്ചായത്തിന് കനത്ത നഷ്ടമാണ് വരുത്തുന്നത്.
ഒരു മൃതദേഹം സംസ്കരിക്കാൻ 2300 രൂപയുടെ വാതകമാണ് വേണ്ടത്. വൈദ്യുതിയാണെങ്കിൽ 500 രൂപയിൽ താഴെ മാത്രമാമേ ഇതിനു ചെലവുവരൂ. മൃതദേഹം സംസ്കരിക്കാനെത്തുന്ന ബിപിഎൽ കാർഡുടമകളിൽനിന്ന് 2400 രൂപയാണ് വാടകയായി ഈടാക്കുന്നത്.
വൈദ്യുത, വാതക ശ്മശാനത്തിന്റെ പ്രവർത്തനങ്ങൾ ഒരുമിച്ച് നടത്തിയാൽമാത്രമേ പഞ്ചായത്തിന് വരുമാനം ലഭിക്കൂ. ദിവസം ശരാശരി അഞ്ച് മൃതദേഹങ്ങൾ മാറനല്ലൂരിലെ പൊതുശ്മശാനത്തിലെത്തുന്നുണ്ട്. പലപ്പോഴും മൃതദേഹവുമായി എത്തുന്നവർക്ക് കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്.
വൈദ്യുത ശശ്മാനത്തിൽ പുതിയ യന്ത്രം സ്ഥാപിക്കാൻ 40 ലക്ഷത്തോളം രൂപ വേണം. നിലവിലുള്ളത് അറ്റകുറ്റപ്പണി നടത്താൻ 30 ലക്ഷത്തോളം രൂപ ചെലവുവരും. ഇത് പഞ്ചായത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. പ്രശ്നം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഫണ്ട് കിട്ടാനാണ് സാധ്യതയെന്നും പഞ്ചായത്ത് പ്രസിഡൻറ് പറയുന്നുണ്ടെങ്കിലും തുരുമ്പെടുക്കുന്ന യന്ത്രങ്ങൾ സംരക്ഷിക്കാൻ തത്കാലം പഞ്ചായത്തിന്റെ മുന്നിൽ വഴികളൊന്നുമില്ല.