ഫ്ളാറ്റിന്റെ 12-ാം നിലയില്‍ കുടുങ്ങിയ വയോധികനെ അഗ്നിശമനസേന രക്ഷിച്ചു
1545051
Thursday, April 24, 2025 6:29 AM IST
പേരൂര്‍ക്കട: ഫ്ളാറ്റിന്റെ 12-ാം നിലയില്‍ കുടുങ്ങിയ നേപ്പാള്‍ സ്വദേശിയായ വയോധികനെ തിരുവനന്തപുരം ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വെള്ളയമ്പലം ശ്രീരാഗം ലെയിനില്‍ എസ്എഫ്എസ് അപ്പാര്‍ട്ട്മെന്റിലെ ക്ലീനിംഗ് സ്റ്റാഫായ ശിവ ആചാര്യയാണ് ഡോര്‍ ലോക്കായി ഉള്ളില്‍ കുടുങ്ങിപ്പോയത്.
ബുധനാഴ്ച രാവിലെ 9.30നായിരുന്നു സംഭവം. ആള്‍ത്താമസമില്ലാത്തതിനാല്‍ ഫ്ളാറ്റിലെ മുറികള്‍ വൃത്തിയാക്കാന്‍ ഇദ്ദേഹം സ്ഥിരമായി എത്താറുണ്ട്. ഡോര്‍ അടച്ചശേഷം ഫ്ളോര്‍ വൃത്തിയാക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ഉള്ളിലേക്ക് കയറാന്‍ നോക്കിയപ്പോള്‍ സാധിക്കാതെ വന്നു. ഫ്ളാറ്റിന്റെ മാനേജര്‍ അറിയിച്ച് തിരുവനന്തപുരം നിലയത്തില്‍ നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ സുധീര്‍, ഫയര്മാന്മാരായ വിഷ്ണുനാരായണന്‍, ബിജു, സൂരജ്, ഫയര്‍ ആൻഡ് റസ്ക്യു ഡ്രൈവര്‍ സുധീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഒരുമണിക്കൂര്‍ പരിശ്രമിച്ചാണ് വയോധികനെ രക്ഷപ്പെടുത്തിയത്.
എയര്‍ഹോളിന്റെ ഭാഗത്തുകൂടി ഫയര്‍ഫോഴ്സ് സംഘം ഇട്ടുകൊടുത്ത ബ്ലേഡ് ഉപയോഗിച്ച് ഡോറിന്റെ ഒരുഭാഗം മുറിച്ചശേഷമാണ് ഇദ്ദേഹം അകത്തേക്കു കയറിയത്. ഫ്ളാറ്റില്‍ കുടുങ്ങിയ ഉള്ഭയംമൂലം കുറേനേരം സ്തബ്ധനായിരുന്നുവെങ്കിലും ശിവ ആചാര്യ പിന്നീട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി അറിയിക്കുകയായിരുന്നു.