കോടതി ഉത്തരവ് ലംഘിച്ച് സ്വകാര്യ വ്യക്തികളുടെ കടമുറികള്‍ തകര്‍ത്തു
1545045
Thursday, April 24, 2025 6:02 AM IST
വെള്ളറട: റോഡ് പുനരുദ്ധാരണത്തിന്റെ മറവില്‍ കോടതി ഉത്തരവ് ലംഘിച്ച് സ്വകാര്യ വ്യക്തികളുടെ കടമുറികള്‍ ജെസിബി ഉപയോഗിച്ച് ഇടിച്ചു നശിപ്പിച്ചതായി പരാതി. കുന്നത്തുകാല്‍ കൂത്തക്കോട് റോഡരികത്തുവീട്ടില്‍ പരേതനായ പ്രകാശം, മാരായമുട്ടം കാളിവിളാകം രാജ് നിവാസില്‍ സിന്ധു എന്നിവരുടെ ഉടമസ്ഥതയില്‍ കുന്നത്തുകാല്‍ ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന കട മുറികളാണ് വൈദ്യുതി ബന്ധം പോലും വിച്ഛേദിക്കാതെ അപകടമായ വിധത്തില്‍ തിങ്കളാഴ്ച്ച വൈകുന്നേരം ആറുമണിയോടെ ടിപിഎല്‍ ഇന്‍ഫ്രാ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കെഎല്‍ 16 എ, ബി. 8700 നമ്പര്‍ ജെസിബി ഉപയോഗിച്ച് ഇടിച്ച് നശിപ്പിച്ചത്.
അമരവിള കാരക്കോണം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായി കടമുറികള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുറമ്പോക്ക് ഭൂമിയുണ്ടെന്ന പിഡബ്ള്യൂഡി അധികൃതരുടെ തര്‍ക്കത്തെ തുടര്‍ന്ന് ഭൂവുടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും പ്രസ്തുത സ്ഥലം പട്ടയ ഭൂമിയാണെന്നും റോഡുനിര്‍മാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിക്കുകയോ സ്ഥലം കൈവശപ്പെടുത്തുകയോ ചെയ്യരുതെന്നു ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഉത്തരവിന്റെ പകര്‍പ്പ് ഭൂവുടമ കെട്ടിടത്തില്‍ പതിച്ച് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു യാതൊരു മുന്നറിയിപ്പുമില്ലാതെ ജെസിബി എത്തിച്ച് കട മുറികള്‍ ഇടിച്ചിട്ടതെന്നും കെട്ടിട ഉടമകള്‍ ആരോപിക്കുന്നു.സംഭവത്തെ തുടര്‍ന്നു കടയുടമകള്‍ വെള്ളറട പോലീസില്‍ പരാതി നല്‍കുകയും പിഡബ്ള്യു ഡി അധികൃതര്‍ക്കു വക്കീല്‍ നോട്ടീസ് നല്‍കുകയും വീണ്ടും കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ കടമുറികള്‍ ഇടിച്ചത് തങ്ങളുടെ അറിവോടെയല്ലെന്നും ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളുന്നതില്‍ എതിര്‍പ്പില്ലെന്നുമാണ് പിഡബ്ള്യുഡി അതികൃതരുടെ പ്രതികരണം.
അഞ്ചു മുറികള്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിന്റെ ഒരുഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചതോടെ കെട്ടിടത്തെ മുഴുവന്‍ ഭാഗത്തിനും കേടുപാട് സംഭവിച്ചതായും ലക്ഷങ്ങളുടെ നഷ്ടം സഭവിച്ചതായും കെട്ടിട ഉടമകള്‍ പറഞ്ഞു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കുന്നത്തുകാല്‍ ജംഗ്ഷനില്‍ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലവിലുണ്ടെങ്കിലും കോടതി വിധി ലഭിച്ചത് ഇവര്‍ക്ക് മാത്രമാണ്.