ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് കുറ്റക്കാരന്‍
1545046
Thursday, April 24, 2025 6:02 AM IST
വെള്ളറട: പ്രായക്കൂടുതലുള്ള ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ചെറുപ്പക്കാരനായ ഭർത്താവ് കുറ്റക്കാരനെന്നു കോടതി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ വില്ലേജില്‍ അരുണ്‍ നിവാസില്‍ ശശിധരന് മകന് അരുണി (32) നെയാണ് കുറ്റക്കാരനെന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എ.എം. ബഷീര്‍ കണ്ടെത്തിയത്.
കുന്നത്തുകാല്‍ വില്ലേജില്‍ ത്രേസ്യാപുരം പ്ലാങ്കാല പുത്തന്‍ വീട്ടില്‍ ഫിലോമിനയുടെ മകള്‍ ശാഖാ കുമാരി (52) യാണ് കൊല്ലപ്പെട്ടത്. 2020 ഡിസംബര്‍ 26 നു പുലര്‍ച്ചെ 1.30 മണിക്കാണ് കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട ശാഖാകുമാരിയുടെ ഭര്‍ത്താവാണ് പ്രതി അരുണ്‍. വിവാഹം വേണ്ടെന്നുവച്ചു കഴിഞ്ഞു വന്നിരുന്ന ശാഖാകുമാരി ഇലക്ട്രീഷ്യനായ അരുണുമായി പ്രണയത്തിലാവുകയായിരുന്നു.
അത്യധികം സ്വത്തിന് ഉടമയായിരുന്ന ശാഖാകുമാരി തന്റെ പിന്തുടർച്ചയ്ക്കായി ഒരു കുഞ്ഞുവേണമെന്ന ആഗ്രഹത്തിലാണ് ഇലക്ട്രീഷ്യൻ കൂടിയായ അരുണിനെ വിവാഹം കഴിച്ചത്. 50 ലക്ഷം രൂപയും 100 പവന് സ്വര്‍ണവും ആയിരുന്നു അരുണ്‍ വിവാഹ പരിതോഷികമായി ആവശ്യപ്പെട്ടിരുന്നത്.
2020 ഒക്ടോബർ 29നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തില്‍ വരന്റെ ഭാഗത്തു നിന്നും ഒരു സുഹൃത്തു മാത്രമേ പങ്കെടുത്തുള്ളൂ. വിവാഹം രഹസ്യ മായിരിക്കണമെന്നും വിവാഹ ഫോട്ടോ, വീഡിയോ ഒന്നും മീഡിയയില്‍ പ്രചരിപ്പിക്കാന്‍ പാടില്ല എന്നു പ്രതി നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ശാഖാകുമാരിയുടെ ബന്ധുക്കളില്‍ ചിലര്‍ വിവാഹ ഫോട്ടോകൾ മീഡിയ മുഖേനെ പ്രചരിപ്പിച്ചത് അരുണിനെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. വിവാഹശേഷം പ്രതി അരുണ്‍ ഭാര്യ വീട്ടില്‍ തന്നെ കഴിഞ്ഞുവന്നു.
വിവാഹത്തിന് മുന്നേ തന്നെ അരുൺ ആഡംബര ജീവിതം നയിച്ചുവന്നു. കുട്ടികള്‍ വേണമെന്ന ആവശ്യത്തില്‍ നിന്നും അരുണ്‍ വിമുഖത കാണിച്ചു വന്നിരുന്നു. ഇലക്ട്രിഷ്യന്‍ ആയ അരുൺ ഒരു നാള് വീട്ടില്‍ വച്ചു ഓവന് റിപ്പയര്‍ ചെയ്യുന്നതായി ഭാവിച്ചു ശാഖാകുമാരിയുടെ കൈയില്‍ ഷോക്ക് ഏല്പിക്കാന് ആദ്യശ്രമം നടത്തിയിരുന്നു.
അന്ന് ശാഖാകുമാരി തല നാരിഴയ്ക്ക് രക്ഷപെട്ടു. തെളിവില്ലാതെ ശാഖാകുമാരിയെ കൊലപെടുത്തി ഭര്‍ത്താവെന്ന നിലയില്‍ സ്വത്തുക്കളുടെ അവകാശിയായി മാറുക എന്നതായിരുന്നു അരുണിന്റെ ലക്ഷ്യം.
2020 ഡിസംബര്‍ മാസം 25നു രാത്രിയിൽ അരുൺ ശാഖാകുമാരിയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തുകയായിരുന്നു. വെള്ളറട പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന എം. ശ്രീകുമാര്‍ ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പാറശാല എ. അജികുമാര്‍ കോടതിയില്‍ ഹാജരായി.