കാർഷിക വായ്പ തിരിച്ചടച്ചു : ഈടുവച്ച പ്രമാണം മടക്കി നൽകിയില്ല; പ്രതിഷേധിച്ച് കർഷകനും മകനും
1545053
Thursday, April 24, 2025 6:29 AM IST
മലയിൻകീഴ്: കാർഷിക വായ്പ തിരിച്ചടച്ചെങ്കിലും ഈടു നൽകിയ വസ്തുവിന്റെ പ്രമാണം മടക്കി നൽകിയില്ല. കർഷകനും മകനും ബാങ്കിനു മുന്നിൽ പ്രതിഷേധിച്ചു. ഇന്നലെ മലയിൻകീഴിലായിരുന്നു സംഭവം.
മലയിൻകീഴ് ശാന്തുംമൂലയിൽ പ്രവർത്തിക്കുന്ന കാട്ടാക്കട പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ ഹെഡ് ഓഫീസിനു മുന്നിലാണ് ഇരുവരും പ്രതിഷേധിച്ചത്. അമ്പൂരി പാലക്കാട് ഹൗസിൽ റോബിൻ ജേക്കബ്, മകൻ അഭി ജേക്കബ് എന്നിവരാണ് ഇന്നലെ പരാതി ഉന്നയിച്ചെത്തിയത്. പ്രമാണം തിരികെ ലഭിച്ചാൽ മാത്രമേ മകന്റെ വിദേശ പഠനത്തിനുള്ള പണം കണ്ടെത്താനാകൂവെന്നു റോബിൻ പറഞ്ഞു.
ചെമ്പൂര് ശാഖയിൽ നിന്നും 2013വാണു റോബിൻ മൂന്നുലക്ഷം രൂപ വായ്പ എടുത്തത്. 2.9 ഏക്കർ വസ്തുവിന്റെ പുരയിടം ഇതിനായി ഈടു നൽകിയിരുന്നു. കടാശ്വാസ കമ്മിഷൻ നിജപ്പെടുത്തിയ രൂപയിൽ 1,75,000 രൂപ 2023ൽ തിരിടച്ചു.
സമയപരിധിക്കുള്ളിൽ തുക അടയ്ക്കാത്തതിനാൽ 27,916 രൂപ ബാങ്കിൽ അടയ്ക്കണമെന്നും സത്യവാങ്മൂലം എഴുതി നൽകിയാൽ പ്രമാണം മടക്കി നൽകണമെന്നും ബാങ്ക് സെക്രട്ടറിക്കു സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കത്ത് നൽകിയിട്ടുണ്ട് ഇതിനു തയാറാണെന്നറിയിച്ചിട്ടും ബാങ്കിലെ സെക്രട്ടറി പ്രമാണം വിട്ടുനൽകുന്നില്ലെന്നാണ് റോബിന്റെ പരാതി.
എന്നാൽ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെ കത്തിൽ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഭരണസമിതിയുടെ നിർദേശങ്ങൾക്കു അനുസൃതമായി മാത്രമേ നടപ്പാക്കാൻ സാധിക്കൂവെന്നും സംസ്ഥാന കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും നിർദേശം ലഭിക്കുന്ന മുറയ്ക്കു മാത്രമേ തുടർ നടപടി സ്വീകരിക്കാൻ കഴിയൂ എന്ന് സെക്രട്ടറി ബിജു അറിയിച്ചു.
കൂടാതെ നബാർഡ് വഴിയുള്ള കാർഷിക വായ്പയ്ക്ക് കടാശ്വാസം ലഭിച്ചാലും സർക്കാരിന്റെയും കർഷകന്റെയും വിഹിതവും ലഭിക്കുന്നതുവരെ ഈട് നൽകിയ പ്രമാണം നിയമപ്രകാരം മടക്കി നൽകാൻ കഴിയില്ലെന്നും ഇതു പ്രകാരം റോബിന്റെ വായ്പയിൽ ഒരു ലക്ഷത്തോളം രൂപ തിരിച്ചടവ് ഉണ്ടെന്നും സെക്രട്ടറി പറഞ്ഞു. തുടർന്ന് ഇവർ മലയിൻകീഴ് പോലീസിൽ പരാതി നൽകി.
മലയിൻകീഴ് പോലീസ് ഇൻസ്പെക്ടർ റോയിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ എന്തുകൊണ്ട് പ്രമാണം മടക്കി നൽകുന്നില്ലെന്നു സെക്രട്ടറി ബിജു രേഖാമൂലം എഴുതി നൽകിയതിനെ തുടർന്നാണ് റോബിനും മകനും മടങ്ങിയത്.