സുരക്ഷിത ഭവനം പദ്ധതി: വീടിന്റെ താക്കോൽ കൈമാറി
1545061
Thursday, April 24, 2025 6:32 AM IST
വിതുര: സേവാശക്തി ഫൗണ്ടേഷന്റെ സുരക്ഷിത ഭവനം പദ്ധതിയുടെ ഭാഗമായി വിതുര തെന്നൂർ വനമേഖലയിലെ ഷീബയ്ക്കും മക്കൾക്കും നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം നടന്നു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുതിർന്ന പ്രചാരകൻ സേതുമാധവൻ, വിഭാഗ് പ്രചാരക് പ്രമോദ്, സേവാശക്തി ഫൗണ്ടേഷൻ ചെയർമാൻ സി.എസ്. മോഹനൻ, സെക്രട്ടറി എം. സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ, സേവാഭാരതി ജില്ലാ സെക്രട്ടറി ബിനു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
വിതുര പഞ്ചായത്തിൽ മണലി വാർഡിൽ മുളമൂട്ട് മൺപുറം നിവാസികളായ ഷീബയ്ക്കും മക്കൾ മീരയ്ക്കും അനുവിനുമായാണു വീട് ഒരുങ്ങിയത്. കൈവശരേഖ പ്രകാരം 20 സെന്റ് സ്ഥലമുണ്ടെങ്കിലും ഷീബയ്ക്കും കുടുംബത്തിനും സ്വന്തമായൊരു വീടില്ലായിരുന്നു. ഷീറ്റിട്ട് മറച്ച ഷെഡ്ഡിലായിരുന്നു കുടുംബത്തിന്റെ ഉറക്കം. പ്ലസ്ടു വിദ്യാർഥിനിയായ മീരയെ ഒരു തവണ പാമ്പു കടിച്ചിരുന്നു. പ്രദേശത്തെ സാമൂഹ്യ പ്രവർത്തകർ സേവാശക്തി ഫൗണ്ടേഷന്റെ പ്രവർത്തകരെ അറിയിച്ചതിനെ തുടർന്നായിരുന്നു വീടെന്ന സ്വപ്നം സഫലമായത്.
എട്ടു ലക്ഷം രൂപ ചെലവിട്ട് ആറു മാസം സമയമെടുത്താണ് പണി പൂർത്തിയായത്. പ്രവാസിയും സാമൂഹ്യ പ്രവർത്തകനുമായ ഹരികുമാർ, ഫൗണ്ടേഷൻ ട്രഷറർ സി. അനൂപ്, ലിജു വി. നായർ, ഷീജാ സാന്ദ്ര, സേവാഭാരതി വനമേഖല ട്രഷറർ ജയപ്രിയ തുടങ്ങിയവർ സംസാരിച്ചു.