നെടുമങ്ങാട് മണ്ഡലത്തിലെ നാലായിരത്തിൽപരം കുടുംബങ്ങൾക്ക് മുൻഗണന കാർഡ് നൽകി: മന്ത്രി
1545050
Thursday, April 24, 2025 6:02 AM IST
നെടുമങ്ങാട്: മണ്ഡലത്തിലെ നാലായിരത്തിൽപരം കുടുംബങ്ങൾക്ക് മുൻഗണന കാർഡ് നൽകിയെന്ന് മന്ത്രി ജി.ആർ. അനിൽ. ആക്കോട്ടുപാറ -ചെല്ലാംകോട് - പൂവത്തൂർ- ഏലാ റോഡിന്റെ യും കോലാംകുടി - ഡൈമൺപാലം റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിക്കവാറും റോഡുകളും സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞു. മണ്ഡലത്തിലെ എല്ലാ പ്രദേശത്തെയും ജനങ്ങളുടെ പൊതുവായ താല്പര്യത്തിനനുസരിച്ചുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നേരിട്ടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴിയും നടപ്പിലാക്കുന്നത്. ജനങ്ങളുടെ ജീവിത പ്രയാസങ്ങൾ മാറ്റുവാനുള്ള നിരന്തരമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ 2024-25 ബഡ്ജറ്റിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ഉപയോഗിച്ചാണ് ആക്കോട്ടുപാറ -ചെല്ലാംകോട് - പൂവത്തൂർ - ഏലാ റോഡ് നവീകരിക്കുന്നത്. തദ്ദേശ ഗ്രാമീണ റോഡ് വികസനഫണ്ടിൽ നിന്നും 28 ലക്ഷം രൂപ വിനിയോഗിച്ചാണ് കോലാംകുടി - ഡൈമൺപാലം റോഡ് നവീകരിക്കുന്നത്
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ് ശ്രീജ അധ്യക്ഷത വഹിച്ചു.