ജല അഥോറിറ്റി ഓഫീസിലെ മർദനം : തുടർനടപടി ജില്ലാ പോലീസ് മേധാവിക്ക് തീരുമാനിക്കാം: മനുഷ്യാവകാശ കമ്മീഷൻ
1545041
Thursday, April 24, 2025 6:02 AM IST
തിരുവനന്തപുരം : കുടിവെള്ള കണക്്ഷൻ വിച്ഛേദിച്ചതിനെക്കുറിച്ച് അന്വേഷിക്കാൻ ജലഅഥോറിറ്റിയുടെ പോങ്ങുംമൂട് ഓഫീസിലെത്തിയ ഉപഭോക്താവിനെ ഉദ്യോഗസ്ഥർ മർദിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള തുടർനടപടി സിറ്റി പോലീസ് മേധാവിക്കു തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റീസ് അലക്സാണ്ടർ തോമസ്.
തനിക്കു പരാതിയില്ലെന്നും ആർക്കും പരാതി നൽകിയിട്ടില്ലെന്നും മർദനമേറ്റ ഉപഭോക്താവ് സജി പോലീസിനു മൊഴി നൽകിയതായി സിറ്റി പോലീസ് കമ്മീഷണർക്കുവേണ്ടി കഴക്കൂട്ടം സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരായി മൊഴി നൽകിയ സാഹചര്യത്തിലാണ് ഉത്തരവ്. സജി മെഡിക്കൽ കോളജ് എസ്എച്ച്ഒയ്ക്കു നൽകിയ മൊഴിയുടെ പകർപ്പും എസിപി ഹാജരാക്കി.
അതേ സമയം ജലഅഥോറിറ്റി പോങ്ങുംമൂട് സെക്്ഷനിലെ ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സർവീസ് ചട്ടങ്ങൾ പ്രകാരം ജലഅഥോറിറ്റി സ്വീകരിച്ച സസ്പെൻഷൻ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ നിയമവും ചട്ടവും അനുസരിച്ച് എത്രയും വേഗം പൂർത്തിയാക്കി നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റീസ് അലക്സാണ്ടർ തോമസ് ജല അഥോറിറ്റി ദക്ഷിണമേഖലാ ചീഫ് എൻജിനീയർക്ക് നിേർദശം നൽകി.
ജൂനിയർ സൂപ്രണ്ട്, ഹെഡ് ക്ലാർക്ക് എന്നിവരെ സസ്പെൻഡ് ചെയ്തതായും യുഡി, എൽഡി ക്ലാർക്കുമാരെ സ്ഥലംമാറ്റിയെന്നും ജലഅഥോറിറ്റി ദക്ഷിണ മേഖലാ ചീഫ് എൻജിനീയറുടെ റിപ്പോർട്ടിൽ പറയുന്നു.
സർക്കാർ ഓഫീസിലെത്തിയ വ്യക്തിക്കു മർദനമേറ്റെന്നതായുള്ള പരാതി ക്രമസമാധാന വിഷയമായതിനാലാണു ജില്ലാ പോലീസ് മേധാവിയിൽനിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയത്.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിനു പുറമെ അയിരൂപ്പാറ സ്വദേശി സനൽ കുമാറും ഇതേ വിഷയത്തിൽ കമ്മീഷന് പരാതി നൽകിയിരുന്നു.