തിരുവനന്തപുരം: മില്‍മയുടെ ആവശ്യപ്രകാരം പൊതുമേഖലാ സ്ഥാപനം കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെഎഎല്‍) നിര്‍മിച്ച ഐസ്ക്രീം വെന്‍ഡിംഗ് വാഹനങ്ങളായ ‘മില്‍മ മിലി കാര്‍ട്ടുകള്‍’ വ്യവസായ മന്ത്രി പി. രാജീവ് പുറത്തിറക്കി. പ്രത്യേകം രൂപകല്‍പ്പന ചെയ്ത ക്യാനോപിയും ഫ്രീസറും ഉള്‍പ്പെടുന്നതാണ് മില്‍മ മിലി കാര്‍ട്ട്. മില്‍മ മിലി കാര്‍ട്ടിന്റെ വിപണന ഉദ്ഘാടനവും താക്കോല്‍ കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു. മില്‍മ ചെയര്മാന് കെ.എസ്. മണിക്ക് താക്കോല്‍ കൈമാറിക്കൊണ്ടാണ് ഇ-വാഹനങ്ങള്‍ പുറത്തിറക്കിയത്. ചടങ്ങില്‍ മന്ത്രി 30 വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്തു.
മില്‍മയുടെ മൂന്ന് പ്രാദേശിക യൂണിയനുകള്‍ക്ക് 10 മില്‍മ മിലി കാര്‍ട്ടുകള്‍ വീതം ലഭ്യമാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ഈ വാഹനങ്ങളുടെ പ്രകടനം മികച്ചതാണെങ്കില്‍ 70 എണ്ണത്തിനുകൂടി ഓര്‍ഡര്‍ നല്‍കാനുള്ള സാധ്യത മില്‍മ പരിശോധിക്കും.
പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള സംരംഭങ്ങളുമായി മുന്നോട്ട് പോകാന്‍ മില്‍മ ലക്ഷ്യമിടുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ മില്‍മ ചെയര്മാന് കെ.എസ്. മണി പറഞ്ഞു. കേരളത്തിലെ 941 പഞ്ചായത്തുകളുടെ വാതില്‍പ്പടിയില്‍ മില്‍മ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന പദ്ധതി മില്‍മ വിഭാവനം ചെയ്യുന്നുണ്ട്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ 941 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മില്‍മ എംഡി ആസിഫ് കെ. യൂസഫ്, കെഎഎല്‍ ചെയര്മാന് പുല്ലുവിള സ്റ്റാന്‍ലി എന്നിവരും പങ്കെടുത്തു.
Tags : Milma ice cream vending vehicle