കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
സ്വന്തം ലേഖകന്‍
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താങ്ങും തണലുമേകിയ നഗരമാണ് കോഴിക്കോട്. നാടിന്റെ മനസ് കീഴടക്കിയ കലാകാരന്മാരെ ആദരിക്കുന്നതിലും അവര്‍ക്കും അവരുടെ കുടുംബത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും എല്ലാ കാലത്തും സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മകള്‍ മുന്നിട്ടിറങ്ങാറുണ്ട്.
കോഴിക്കോട് ടൗണ്‍ഹാളും ചരിത്രമുറങ്ങുന്ന മിഠായിത്തെരുവും കിഡ്സൺ കോർണറുമെല്ലാം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും കൂടിചേരലുകള്ക്കുമുള്ള പ്രധാന വേദികളായിമാറാറുണ്ട്.
ഒരുകാലത്ത് മലയാളികളുടെ മനസിനെ സന്തോഷിപ്പിച്ച, ഇപ്പോള്‍ ജീവിതം തള്ളി നീക്കാന്‍ പാടുപെടുന്ന കലാകാരന്മാരെ ഓര്‍ക്കുകയും അവര്‍ക്കുവേണ്ടി കഴിയാവുന്നത് ചെയ്യാന്‍ മനസുകാണിക്കുകയും ചെയ്യുന്ന ട്രസ്റ്റുകളില്‍ മുന്‍പന്തിയിലാണ് വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. മണ്മറഞ്ഞുപോയവരും അല്ലാത്തവരുമെല്ലാം ഇത്തരം കൂട്ടായ്മകളിലൂടെ ഓര്മിക്കപ്പെടുന്നുവെന്നതുതന്നെയാണ് പ്രധാന കാര്യം.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏല്ലാം എകോപിപ്പിക്കുക എന്നതു ചെറിയ കാര്യമല്ല. ഇവിടെയാണ് കലാ-സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്‍മാനും ഫോട്ടോ ജേര്‍ണലിസ്റ്റുമായ ഒ. സ്നേഹരാജ് വേറിട്ടുനില്‍ക്കുന്നത്.
വലിയങ്ങാടി- കുറ്റിച്ചിറ റോഡില്‍ മിസ്കാല് പള്ളിക്ക് സമീപം ഗ്ളാമര്‍ സ്റ്റുഡിയോ നടത്തുന്ന ഇദ്ദേഹം പഴയകാല കലാകാരന്മാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും ആദരിക്കുന്നതിലും പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും എന്നും ഉത്സാഹം കാട്ടാറുണ്ട്.
ഫോട്ടോഗ്രഫിയും സാംസ്കാരിക പ്രവര്‍ത്തനവും ഒരുപോലെ കൊണ്ടുപോകുന്നുവെന്നതാണ് സ്നേഹരാജിനെ കോഴിക്കോട്ടുകാര്‍ക്ക് പ്രിയങ്കരനാക്കുന്നത്. ചെറുതും വലുതുമായ നിരവധി പ്രവര്‍ത്തനങ്ങളുമായാണ് ട്രസ്റ്റും അതിന് നേതൃത്വം നല്കുന്ന സ്നേഹരാജും മുന്നോട്ടുപോകുന്നത്.
വെസ്റ്റ് ഹില്‍ എടക്കാട് വിപ്ലവ കലാവേദി, സംസ്കാര ഈസ്റ്റ് ഹില്‍ സത്യന് സ്മാരക കലാവേദി തുടങ്ങിയവയിലെല്ലാം പ്രവർത്തിച്ചിരുന്നു. സേവനം സമൂഹ നന്മയ്ക്ക് എന്ന ലക്ഷ്യമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍.
ട്രസ്റ്റിന്റെ ലക്ഷ്യവും അതുതന്നെയാണ്. അഡ്വ. മഞ്ചേരി സുന്ദര്‍രാജ്, സ്വതന്ത്ര്യ സമരസേനാനി പി. വാസു, അഡ്വ. ലൂക്കോ ജോസഫ്, ആറ്റക്കോയ പള്ളിക്കണ്ടി, സയ്യിദ് ഹാഷിം ശിഹാബ് തങ്ങള്‍, എന്‍.കെ. ത്രിജ വെസ്റ്റ് ഹില്‍, സജികുമാര്‍, വിബിന് മൂഴിക്കല്‍ എന്നിവര്‍ ട്രസ്റ്റിനോട് ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കുന്നു.
കോഴിക്കോട്ടെ വിവിധ പരിപാടികളുടെ സംഘാടന മികവിനൊപ്പം തന്നെ ഫോട്ടോ ഗ്രാഫിയും നല്ല രീതിയില്‍ തന്നെ സ്നേഹരാജ് മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. മറ്റാര്‍ക്കും ലഭിക്കാത്ത പഴയകാല സിനിമാതാരങ്ങളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഫോട്ടോകളുടെ അപൂര്‍വ ശേഖരം തന്നെ ഇദ്ദേഹത്തിന്റെ കൈയിലുണ്ട്.
പഴയകാല നടിമാരായ ഷീല, ജയഭാരതി, നടന്മാരായ പ്രേംനസീര്‍, സത്യന്, മധു ഇവരുടെ കുടുംബാംഗങ്ങള്‍ എന്നിവരുടെയെല്ലാം ചിത്രങ്ങളുടെ ശേഖരമാണ് ഇദ്ദേഹത്തിന്റെ കൈയിലുള്ളത്. ഇദ്ദേഹത്തിന്റെ അമ്മാവന് പഴയകാല പ്രശസ്ത കാര്‍ കച്ചവടക്കാരന് കൊയമ്പത്തൂര് സി. ബാലന് (കാട്ടൂര്‍ ബാലന്) ന്റെ കൂടെ പഴകാല സിനിമാ താരങ്ങള്‍ എടുത്ത ചിത്രങ്ങളാണ് ഇദ്ദേഹം ശേഖരിച്ച് വച്ചത്.
അമ്മാവന്റെ നേതൃത്വത്തില്‍ കൊയമ്പത്തൂര് മലയാളി സമാജത്തിന്റെ കീഴില്‍ കേരള കലാനിലയം എന്ന നാടക കമ്പനിയിലൂടെ പഴയകാല നടിമാരായ ഷീല, ജയഭാരതി, ശാന്തി, ഉഷാ കുമാരി(വെണ്ണീര ആടൈ നിർമല) നടന് കുഞ്ചന്‍ തുടങ്ങി പ്രശസ്തരും അല്ലാത്തവരുമായ നിരവധി പേര് അന്നുണ്ടായിരുന്നു.
തെന്നിന്ത്യന്‍ സിനിമയിലെ എല്ലാവരുമായും ഇദ്ദേഹത്തിന് അടുത്തബന്ധമുണ്ടായിരുന്നു. എംജിആര്‍, ശിവാജി, മുത്തുരാമന് തുടങ്ങിയവരെല്ലാം ഇദ്ദേഹത്തിന്റെ അടുത്തു നിന്നായിരുന്നു കാര്‍ വാങ്ങിയിരുന്നത്. പഴയകാല സിനിമകള്‍ ചിത്രീകരിച്ച കാമറ ദൃശ്യങ്ങളടക്കം സ്നേഹരാജിന്റെ കൈവശമുണ്ട്. ഇദ്ദേഹത്തിന്റെ സഹോദരന് ഒ. ശ്യാംരാജ് ചെന്നൈയിലെ പ്രശ്സ്ത സിനിമോട്ടോ ഗ്രാഫറാണ്.
മാസങ്ങള്‍ക്ക് മുന്‍പാണ് വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റും കേരള സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയും സംയുക്തമായി 53-ാമത് സത്യന് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്. വര്‍ഷം തോറും സത്യന് അനുസ്മരണം മികച്ച രീതിയില്‍ സംഘടിപ്പിക്കാന്‍ ട്രസ്റ്റിന് കഴിയാറുണ്ട്.
ഇതോടൊപ്പം സിനിമാ പ്രദര്‍ശനവും കുട്ടികള്‍ക്കുള്ള പഠനോപകരണവിതരണവും മറ്റ് കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. കോഴിക്കോടിന് സാഹിത്യ നഗരം പദവി ലഭിച്ചതിന്റെ ഭാഗമായി വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സാമൂതിരി രാജ കെ.സി. ഉണ്ണിയനുജന്‍ രാജയയെ ആദരിച്ചിരുന്നു.
കോഴിക്കോടിനെ സാഹിത്യ നഗര പദവിയിലേക്ക് ഉയർത്തുന്നതിൽ കോഴിക്കോട് സാമൂതിരിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പണ്ഡിതന്മാരുടെ ഉത്സവമായ രേവതി പട്ടത്താന ചടങ്ങുകള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
സാമൂതിരി ഭരണം അവസാനിച്ചതോടെ പല ചടങ്ങുകളും അവസാനിച്ചെങ്കിലും രേവതി പട്ടത്താനം കോഴിക്കോടിന്റെ സാഹിത്യ- വൈജ്ഞാനിക- സാംസ്കാരികമുദ്രണമായി കരുതിപ്പോരുന്നു.
ലഹരി വിരുദ്ധറാലികള്‍, സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള ലഘുനാടകങ്ങള്‍, വസ്ത്ര വിതരണം, ചികില്‍സാസഹായം, ഭക്ഷണ വിതരണം, ഉത്സവസമയങ്ങളിലെ കിറ്റ് വിതരണം എന്നിവയെല്ലാം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്താറുണ്ട്.
വര്‍ഷങ്ങളായി തുടര്‍ന്നുപോരുന്ന ഉദ്യമം കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപേകാനാണ് ട്രസ്റ്റ് ഭാരവാഹികളുടെ തീരുമാനം.