ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
റെജി ജോസഫ്
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരും ജീവനക്കാരുമായി നാലഞ്ചു പേരുണ്ട്. പലപ്പോഴും രണ്ടോ മൂന്നോ പേരെ കാണാറുള്ളു. ചിലർ ദീർഘകാലം അവധിയെടുത്തു പോകും. നിയമനം കിട്ടി ഒരിക്കൽപോലും ഇടമലക്കുടി കാണാത്തവരുമുണ്ട്. അധ്യാപനത്തിനൊപ്പം സ്കൂളും പരിസരവും വൃത്തിയാക്കേണ്ടതും ഉച്ചഭക്ഷണം തയാറാക്കേണ്ടതും അധ്യാപകരുടെ ചുമതലയാണ്. രണ്ട് അധ്യാപകർ, ഒരു പാർട്ട് ടൈം സ്വീപ്പർ, പാചകത്തൊഴിലാളി എന്നിവരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.
രണ്ട് ജീവനക്കാർ താമസ സൗകര്യങ്ങളില്ലാത്തതിനാൽ ജോലി ഉപേക്ഷിച്ചു. പിഎസ്സി. വഴി മൂന്ന് അധ്യാപകരെ നിയമിച്ചെങ്കിലും ഒരാൾ മാത്രമാണ് ജോലിയിൽ പ്രവേശിച്ചത്. നിലവിൽ മുതുവാൻ വിഭാഗത്തിലെ തന്നെ രണ്ട് താൽക്കാലിക അധ്യാപരെയും നിയമിച്ചിട്ടുണ്ട്.
1977-ൽ ഗിരിജൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ ആദ്യ കുടിപ്പള്ളിക്കൂടം തുടങ്ങിയത്. പിറ്റേവർഷം സർക്കാർ ട്രൈബൽ എൽ.പി.സ്കൂളായി ഉയർത്തി. 36 കുട്ടികൾ വരെ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ വർഷങ്ങളുണ്ടെങ്കിലും ഇവരിൽ പത്തുപേർ പോലും പത്താം ക്ലാസിനു മുകളിലേക്ക് പഠിച്ചുപോയില്ല. ഇവിടെ വിദ്യാഭ്യാസവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനതന്നെ അപൂർവമായേ നടക്കാറുള്ളു. മുതുവാൻ കുട്ടികളുടെ പരിതിമിയും ദുരിതവും പഠവവുമൊന്നും അധികമാർക്കും അറിയുകയേ വേണ്ട.
ആ സാധ്യത ഇരുളടഞ്ഞു
ഇടമലക്കുടിയുടെ കരുതലായിരുന്നു മുൻപ് കീഴിലുള്ള വിദ്യാഭ്യാസവകുപ്പ് തുടങ്ങിയ ഏകാധ്യാപക വിദ്യാലയങ്ങൾ. പത്താം ക്ലാസോ ഉപരിയോഗ്യതയോ നേടിയവർ മുതുവാൻ കുടികളിലെത്തി ഗോത്രഭാഷയും സംസ്കാരവും പഠിച്ച് കുടികളിൽ താമസമാക്കി കുട്ടികളെ പഠിപ്പിച്ചിരുന്നു. 23 വർഷം മുൻപ് തുടങ്ങിയ പദ്ധതി കഴിഞ്ഞ വർഷം നിറുത്തലാക്കിയതോടെ ഏകാധ്യാപകസ്കൂളുകൾ അടഞ്ഞു.
താൽക്കാലിക ഷെഡ്ഡുകളിലോ വീടുകളിലോ ആയിരുന്നു അധ്യാപനം. തുശ്ചവേതനമായിരുന്നു ആദ്യഘട്ടത്തിൽ ഈ അധ്യാപകർക്ക് ലഭിച്ചിരുന്നത്. ആഴ്ചകളോളം കഴിയാൻ ഭക്ഷ്യസാധനങ്ങൾ കരുതി ദിവസം നീളുന്ന സഹനപാതകൾ താണ്ടിയാണ് ഓരോ കുടികളിലും ഇവരെത്തിയിരുന്നത്. ചില അധ്യാപികമാർ കൈക്കുഞ്ഞുങ്ങളുമായാണ് കുടികളിൽ താമസിച്ചിരുന്നത്. ഉറ്റവർ മരിച്ചാൽപോലും അറിയാനും അറിയിക്കാനും മാർഗമില്ലാത്ത വിധം ദുരിതപൂർണമായിരുന്നു അവരുടെ വനവാസം.
പുറംലോകവുമായി സന്പർക്കമില്ലാത്ത വനവാസി കുട്ടികൾക്ക് അവരുടെ സ്വന്തം ഭാഷയിൽ ബോധനം നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ആവിഷ്കരിച്ച ആ പദ്ധതി ഏറെ പ്രയോജനകരമായിരുന്നു. ഇത്തരത്തിൽ എട്ട് അധ്യാപകർ കാലങ്ങളോളം വിവിധ കുടികളിൽ സേവനം ചെയ്തു. ക്ലാസിൽ പതിവായി വരാത്തവരെ വീടുകളിൽ പോയി കൊണ്ടുവരികയും രക്ഷകർത്താക്കൾക്ക് ബോധനം നൽകുകയും ചെയ്തിരുന്നു.
കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇവർ സാക്ഷരത നൽകിയിരുന്നു. ഗോത്രവിദ്യാഭ്യാസത്തിൽ വേർതിരിവു വേണ്ടെന്നും എല്ലാവരും മുഖ്യധാരയിൽ പഠിച്ചാൽ മതിയെന്നുമുള്ള തീരുമാനത്തിലാണ് ഏകാധ്യാപക കളരികൾ 2021-ൽ നിറുത്തലാക്കിയത്.
തൊട്ടടുത്തുള്ള പൊതുവിദ്യാലയങ്ങളിൽ തുടർപഠനമൊരുക്കുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ ഇടമലക്കുടിയുടെ സാഹചര്യം വ്യത്യസ്തമാണ്. സൊസൈറ്റിക്കുടിയിലെ ട്രൈബൽ എൽപി സ്കൂൾ മാത്രമാണ് ഏക വിദ്യാലയം. മുളകുതറക്കുടി ഉൾപ്പെടെയുള്ള വിദൂര ഊരുകളിൽനിന്ന് വനം താണ്ടി മൂന്നുനാലു മണിക്കൂർ നടന്നുവേണം ഇവിടെത്താൻ. ഇത് പ്രായോഗികമല്ലാത്തതിനാൽ രക്ഷിതാക്കൾ കുട്ടികളെ അയയ്ക്കായി.
ഊരുകളെ അടുത്തറിഞ്ഞവർ
പരിമിതികൾക്കു നടുവിൽലും ഇടമലക്കുടിക്കുവേണ്ടി സമർപ്പിത സേവനം ചെയ്ത അധ്യാപകരാണ് കോഴിക്കോട് മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി വി.സുധീഷും ഡി.ആർ.ഷിംലാലും. ഇടമലക്കുടിയിലേക്ക് നിയമനം ലഭിച്ച അധ്യാപകരിൽ ഏറെപ്പേരും അന്നുതന്നെയോ മാസങ്ങൾക്കുള്ളിലോ സ്ഥലംമാറ്റം വാങ്ങുന്ന അനുഭവമാണുള്ളത്.
ഇവിടെ നിയമനം ലഭിച്ച ഒരു പ്രധാന അധ്യാപിക അവധിയെടുത്ത് സ്കൂൾ കാണാതെതന്നെ മാസങ്ങളോളം വേതനം വാങ്ങി. 2014-ൽ ക്ലേശപാതകൾ താണ്ടിയാണ് കോഴിക്കോട്ടുനിന്നും സുധീഷും ഷിംലാസും ഇടമലക്കുടിലെത്തി വനവാസികളുടെ ഹൃദയത്തിൽ ഇടം നേടിയത്.
കുട്ടികൾക്ക് പാഠഭാഗങ്ങൾ പറഞ്ഞുകൊടുക്കാൻ ഗോത്രഭാഷ പഠിക്കുകയും അവർക്കായി ഗോത്ര പാഠാവലിയും നിഘണ്ടുവും തയാറാക്കുകയും ചെയ്ത ഇവർ ഏറെക്കാലം കാടിന്റെ മക്കൾക്ക് അക്ഷരം പകർന്നു.
സുധീഷ് പങ്കുവച്ച് അനുഭവമിങ്ങനെ: ആദ്യമായി ക്ലാസിലെത്തുന്പോൾ ഞങ്ങൾ പറയുന്നത് കുട്ടികൾക്കും കുട്ടികൾ പ്രതികരിക്കുന്നത് ഞങ്ങൾക്കും മനസിലായിരുന്നില്ല. എഴുനേൽക്കാനും പുസ്തകം എടുക്കാനും പറഞ്ഞാൽ അനുസരിക്കാത്ത കുട്ടികൾ. അനുസരണക്കേടല്ല, ഭാഷയുടെ അജ്ഞതയാണ് പരിമിതിയെന്ന് പിന്നീടാണ് മനസിലായത്. ഇത് തരണം ചെയ്യാൻ ആദ്യം ചെയ്തത് മുതുവാൻ ഭാഷയെ മനസിലാക്കാൻ ഓരോ കുടിയും സന്ദർശിച്ചു തുടങ്ങി.
അവർ പറയുന്ന വാക്കുകൾ എഴുതിയും പറഞ്ഞും ക്ലാസിൽ പ്രയോഗിച്ചും കുട്ടികൾക്കൊപ്പം കൂടി. കുട്ടികളുടെ വരവ് വർധിച്ചതോടെ കൂടുതൽ വാക്കുകൾ പഠിക്കാൻ തുടങ്ങി. അത്തരത്തിൽ മൂന്നാം ക്ലാസിലെ പരിസര പഠനം എന്ന പുസ്തകത്തെ പൂർണമായി ഗോത്ര ഭാഷയിലേക്ക് പകർത്തി.
2020-ൽ ഇവർ മുതുവാൻ ഭാഷയിലെ 2,500 വാക്കുകൾ ഉപയോഗിച്ചുള്ള മുതുവാൻ-മലയാളം ഭാഷാ നിഘണ്ടു പുറത്തിറക്കി. കുട്ടികളും രക്ഷിതാക്കളും അവിടെയുണ്ടായിരുന്ന ഏകാധ്യാപക സ്കൂളുകളിലെ അധ്യാപരുമായി ഏറെക്കാലം സംസാരിച്ച് അവരുടെ ഭാഷ ഞങ്ങൾ പഠിച്ചു.
ഞങ്ങൾ അധ്യാപകരായി എത്തുന്പോൾ സ്കൂൾ രജിസ്റ്ററിലുണ്ടായിരുന്നത് 12 കുട്ടികൾ. പലപ്പോഴും ക്ലാസിൽ എത്തിയിരുന്നത് ഒരാൾ മാത്രം. ഇടമലക്കുടി ഗവ. ട്രൈബൽ എൽപി സ്കൂളിൽനിന്ന് ഞങ്ങൾ പടിയിറങ്ങുന്പോൾ വിദ്യാർഥികളുടെ എണ്ണം 139. അക്കാലത്ത് ഒന്നാം ക്ലാസിൽ രണ്ട് ഡിവിഷൻ വരെയെത്തിയിരുന്നു. കോവിഡുകാലത്ത് സംസ്ഥാനത്ത് തുറന്ന് പ്രവർത്തിച്ച ഏക സ്കൂലായിരുന്നു ഇടമലക്കുടി.