ആയുർവേദ ആശുപത്രിയുടെ ഐപി വിഭാഗം ബലക്ഷയത്തെത്തുടർന്ന് പൂട്ടിയിട്ട നിലയിൽ.
ചമ്പക്കുളം: നടുഭാഗം ആയുർവേദ ആശുപത്രിയുടെ ഐപി വിഭാഗത്തിന് പൂട്ട് വീണിട്ട് മാസങ്ങൾ. നെടുമുടി പഞ്ചായത്തിന് കീഴിലുള്ള നടുഭാഗം ആയുർവേദ ആശുപത്രിയിൽ കെട്ടിടത്തിന് ബലക്ഷയം സംഭവിച്ചതിന്റെ പേരിൽ നിർത്തിവച്ച കിടത്തി ചികിത്സ എന്ന് പുനരാരംഭിക്കും എന്നു പറയാനാവാത്ത അവസ്ഥയിലാണ്.
ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദേശാനുസരണമാണ് കെട്ടിടത്തിന്റെ ബലക്ഷയത്തിന്റെ പേരിൽ ഇവിടെ കിടത്തിചികിത്സ നിർത്തിവച്ച് ഐ പി ബ്ലോക്ക് പൂട്ടിയത്. പുതിയ ഐപി ബ്ലോക്ക് നിർമിക്കാൻ കോടികൾ ആവശ്യമായി വരും. ഇതിനുവേണ്ട ഫണ്ട് അടുത്ത സംസ്ഥാന ബജറ്റിൽ തരപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് തോമസ് കെ. തോമസ് എംഎൽഎ.
പഞ്ചായത്ത് ഭരണസമിതിയും ആയുർവേദ ആശുപത്രിയിലെ ഉദ്യോഗസ്ഥരും ഹോസ്പിറ്റൽ മാറ്റി പ്രവർത്തിപ്പിക്കുന്നതിനുള്ള കെട്ടിടത്തിനായി അന്വേഷണം നടത്തുന്നുണ്ടെങ്കിലും കുട്ടനാടിന്റെ പ്രത്യേക പശ്ചാത്തലത്തിൽ ഇത്രയും ആവശ്യങ്ങൾ നിർവഹിക്കാൻ തക്ക തരത്തിലുള്ള ഒരു കെട്ടിടം ഈ പ്രദേശത്ത് ലഭ്യമല്ല എന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി. കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിൽനിന്ന് നിരവധി ആളുകളാണ് ആശുപത്രിയിൽ കിടത്തി ചികിത്സയ്ക്ക് എത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഒപി മാത്രമായി പ്രവർത്തിക്കേണ്ട സാഹചര്യമാണ് ഇവിടെ നിലനിൽക്കുന്നത്.
നെടുമുടി പഞ്ചായത്തിന്റെ ചമ്പക്കുളത്ത് 9-ാം വാർഡിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ആശുപത്രി 11-ാം വാർഡിൽ കൊണ്ടാക്കൽ പള്ളിക്കു സമീപത്തേക്ക് മാറ്റിസ്ഥാപിച്ചാണ് കിടത്തി ചികിത്സ ആരംഭിക്കുന്നത്. കൊണ്ടാക്കൽ പള്ളിയോട് ചേർന്ന് പ്രവർത്തിച്ചിരുന്ന മധ്യ നടുഭാഗം ആധ്യാത്മിക സംഘം എന്ന കത്തോലിക്കാ സംഘടന സൗജന്യമായി വിട്ടു നല്കിയ പുരയിടത്തിലും കെട്ടിടത്തിലുമാണ് ആയുർവേദ ആശുപത്രി വർഷങ്ങൾക്ക് മുൻപ് ഇവിടേക്ക് മാറ്റിസ്ഥാപിച്ചത്.
കൊണ്ടാക്കൽ പള്ളിയുടെ അടുത്ത് റോഡിനോട് ചേർന്ന് വളരെ സൗകര്യപ്രദമായ സ്ഥലത്താണ് ഇത് പ്രവർത്തിച്ചുതുടങ്ങിയത്. ഇവിടെ പിന്നീട് കിടത്തി ചികിത്സയ്ക്കുള്ള കെട്ടിടം നിർമിക്കുകയായിരുന്നു.
മണപ്രാ വൈശ്യംഭാഗം റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ആശുപത്രിയിലേക്ക് കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് വളരെ വേഗം ആളുകൾക്ക് എത്തിച്ചേരാനും സാധിക്കും. ആശുപത്രി കെട്ടിടത്തിന്റെ നിർമാണപ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Ayurvedic hospital