പെരുമ്പാവൂര്‍: വല്ലം- പാണംകുഴി റോഡ് വീണ്ടും തകര്‍ന്നു. ഐമുറി കവല, പഞ്ചായത്തിന് മുന്‍വശം, കൂവപ്പടി ജിവിഎച്ച്എസ് സ്കൂളിന് മുന്‍വശം, കോടനാട് വില്ലേജ് ഓഫീസിന് മുന്‍വശം എന്നീ സ്ഥലങ്ങളിൽ വൻ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്.
രണ്ട് സ്ഥലങ്ങളില്‍ കട്ട വിരിച്ചെങ്കിലും ഐമുറി കവലയില്‍ കട്ട വിരിച്ചതിന്റെ തെക്ക് വശത്താണ് കുഴികള്‍. ഇതേത്തുടർന്ന് വെള്ളക്കെട്ടും രൂക്ഷമാണ്. കവലയുടെ വടക്ക് വശം വരെ കാന ഉണ്ടെങ്കിലും ഇത് വെള്ളകെട്ടിന് പരിഹാരമല്ല. പഞ്ചായത്ത് ഓഫീസ് മുതല്‍ ഐമുറി കവല വരെ ഇരുവശവും കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി കാന പണിയുക മാത്രമാണ് പരിഹാരം.
എന്നാൽ അരിക് ചേര്‍ന്ന് കാന നിര്‍മിക്കാത്തത് അവിടെയുള്ള കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണെന്ന് നാട്ടുകാരുടെ പരാതി. കട്ട വിരിച്ചപ്പോള്‍ ചപ്പാത്ത് ഉണ്ടാക്കിയതും അശാസ്ത്രീയമായാണ്. പഞ്ചായത്ത് ഓഫീസ് തുടങ്ങി ഐമുറി കവല വരെയുള്ള പുറമ്പോക്ക് അളന്ന് തിരിച്ച് ഇരുവശവും കാന തീര്‍ത്താല്‍ മാത്രമാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളൂവെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഐമുറി കവല കൂടാതെ പഞ്ചായത്ത് ഓഫീസിന് മുന്‍വശം, കൂവപ്പടി ഹൈസ്കൂളിന് മുന്‍വശം, കോടനാട് വില്ലേജ് ഓഫീസിന് മുന്‍വശം എന്നിവിടങ്ങളിലാണ് കുഴികള്‍ രൂപപ്പെട്ടത്. കോടനാട് വന്‍തുക ചിലവാക്കി റോഡിന് കുറുകെ കലുങ്ക് നിര്‍മിച്ച് കാന ഉണ്ടാക്കിയെങ്കിലും റോഡിന്റെ കിഴക്ക് വശം ഉയര്‍ന്ന പ്രദേശത്ത് നിന്ന് ഉറവ വരുന്നതുകൊണ്ട് കുഴികള്‍ രൂപപ്പെടുന്നു.
റോഡിന്റെ കിഴക്ക് വശത്ത് നൂറ് മീറ്ററെങ്കിലും കാന നിര്‍മിച്ച് കലുങ്കിന്റെ അടിയിലേക്ക് വെള്ളം വിട്ടാല്‍ ഇതിന് പരിഹാരമാകും. എത്രയും പെട്ടെന്ന് റോഡിന്റെ അനധികൃത കൈയേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തി ഐമുറി കവലയില്‍ ഇരുവശവും കാനകള്‍ തീര്‍ത്തും പരിഹാരം കാണണമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.
കാലടിയില്‍ ഗതാഗത കുരുക്ക് ഉണ്ടാകുമ്പോള്‍ ദീര്‍ഘദൂര ബസുകളും, ഭാരവാഹനങ്ങളും ഇതു വഴിയാണ് പോകുന്നത്. തീര്‍ഥാടന കേന്ദ്രമായ മലയാറ്റൂര്‍, കപ്രിക്കാട് ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പാണിയേലി പോര്, മഹാഗണിത്തോട്ടം എന്നീ സ്ഥലങ്ങളിലേക്കും ഇതുവഴിയാണ് കടന്ന് പോകുന്നത്.
Tags : Vallam Panamkuzhi