മേൽപ്പാലത്തിലുണ്ടായ ഗതാഗതക്കുരുക്ക്.
അമ്പലപ്പുഴ: കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് തകരാറിലായി. ദേശീയപാതയിൽ രണ്ടു മണിക്കൂറിലധികം ഗതാഗതസ്തംഭനം. ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽപ്പാലത്തിലായിരുന്നു സംഭവം. വടകരയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസാണ് തകരാറിലായത്.
ഇതോടെ ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. ഈ സമയം ദേശീയപാതയിൽ ഇരുവശത്തുമായി കിലോ മീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയായിരുന്നു.
ഒരു വശത്തുകൂടി വാഹനങ്ങൾ പോലീസ് കടത്തി വിട്ടെങ്കിലും ഗതാഗതക്കുരുക്കിന് കുറവൊന്നുമുണ്ടായില്ല. അത്യാസന്ന നിലയിലായ രോഗികളെയും കൊണ്ടുപോയ നിരവധി ആംബുലൻസുകളും അനേകം സ് കൂൾ വാഹനങ്ങളും കുരുക്കിൽപ്പെട്ടു.
ഉച്ചയ്ക്ക് രണ്ടോടെ തകരാർ പരിഹരിച്ചശേഷം ബസ് പാലത്തിന്റെ തെക്കു ഭാഗത്തേക്കു മാറ്റി. ഇതോടെയാണ് മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിനു പരിഹാരമായത്.
Tags : Traffic jam