വാഗമൺ മൊട്ടക്കുന്ന്-പാലൊഴുകുംപാറ റോഡ് തകർന്ന നിലയിൽ.
വാഗമൺ: വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിൽ മൊട്ടക്കുന്ന്-പാലൊഴുകുംപാറ റോഡ് തകർന്നതോടെ യാത്രാക്ലേശം രൂക്ഷമായി. സ്കൂൾ ബസുകൾ ഉൾപ്പെടെ ആശ്രയിക്കുന്ന റോഡ് ആകെ തകർന്ന നിലയിലാണ്. നാലുകോടി രൂപ അനുവദിച്ചിട്ടും കരാറുകാരൻ നിർമാണം വൈകിപ്പിക്കുകയാണെന്ന ആക്ഷേപമുണ്ട്.
റോഡ് നിർമിച്ചത് ലോകബാങ്കിന്റെ സഹായത്തോടെയാണ്. പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ കാൽനടപോലും പറ്റില്ല. വാഗമണ്ണിൽനിന്ന് വളരെവേഗം ബോണാമിയിലെത്തി ഏലപ്പാറയ്ക്കു പോകാൻ സാധിക്കുന്ന പ്രധാന പാതയാണിത്. റോഡിന്റെ ദുരവസ്ഥ പലവട്ടം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. സർക്കാർ റോഡിനായി നാലുകോടി രൂപ അനുവദിച്ചു കരാർ നൽകി. എന്നാൽ, ഓടകൾ നിർമിച്ചതല്ലാതെ കരാറുകാരൻ വേറൊന്നും ചെയ്തില്ല.
ദിവസേന നൂറുകണക്കിന് വിനോദസഞ്ചാരികൾ ഇതുവഴി വരുന്നുണ്ട്. നിരവധി റിസോർട്ടുകളും ഹോം സ്റ്റേകളും ഈ ഭാഗത്തുണ്ട്. റോഡ് മോശമായതുകാരണം അവരുടെ ബുക്കിംഗ് പലതും റദ്ദായി. ചെറുകിട കച്ചവടക്കാരെയും ടൂറിസം തൊഴിലാളികളെയും ഇത് ബാധിക്കും.
Tags : Vagamon