വാഴാനിയിൽ ആരംഭിക്കുന്ന മ്യൂസിക്കൽ ഫൗണ്ടൻ ട്രയൽ റൺ നടത്തിയപ്പോൾ.
വടക്കാഞ്ചേരി: വാഴാനിയിലേക്ക് ഇനി വിനോദ സഞ്ചാരികൾ ഒഴുകും. ഡാമിൽ ഇനി സംഗീതം പൊഴിക്കുന്ന ജലധാരയും (മ്യൂസിക്കൽ ഫൗണ്ടൻ). ട്രയൽറൺ സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ വിജയകരമായി പൂർത്തികരിച്ചു. സംഗീതത്തിന്റെ മാസ്മരികതയിൽ ജലം മുകളിലേക്കുയർന്ന് തുള്ളിക്കളിച്ചപ്പോൾ വാഴാനിക്കിതു പുത്തൻ അനുഭവമായി. 85 ശതമാനം പ്രവർത്തനങ്ങൾ പുർത്തിയായതായി അധികൃതർ അറിയിച്ചു.
ജലധാരയുടെ നിർമാണോദ്ഘാടനം കഴിഞ്ഞ ഫെബ്രുവരി 16ന് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് നിർവഹിച്ചത്. എ.സി. മൊയ്തീൻ ടൂറിസം മന്ത്രിയായിരിക്കുമ്പോഴാണ് സംഗീതജലധാര അടക്കമുള്ള വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചത്. ഇറിഗേഷൻ വകുപ്പിന്റെ സ്ഥലത്ത് ടൂറിസം വകുപ്പ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിലെ സാങ്കേതികത്വം ഈ പദ്ധതിക്കും വിഘാതമായി. ഇതിനു പരിഹാരംകാണാൻ സേവ്യർ ചിറ്റിലപ്പിള്ളി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ടൂറിസം വകുപ്പ്, ജലസേചന വകുപ്പ്എന്നിവയുടെ സംയുക്ത യോഗം വിളിച്ചുചേർത്തു.
തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി, പി.ആർ. രാധാകൃഷ്ണൻ, വി.സി. സജീന്ദ്രൻ, ഷൈനി ജേക്കബ്, വി.ജി. സുരേഷ്, വി.ജി. ഗോപിക, മോഹനചന്ദ്രൻ, എം.ആർ. സോമനാരായണൻ എന്നിവർ പരീക്ഷണ പ്രവർത്തനം വിലയിരുത്താൻ എംഎൽഎയോടൊപ്പംവാഴാനിയിൽ ഉണ്ടായിരുന്നു.
Tags : musical fountain