മഞ്ചേരി : ചുള്ളക്കാട് ഗവ. യു പി സ്കൂള്‍ വളപ്പില്‍ നിന്ന് മുറിച്ചുകടത്തിയ കൂറ്റന്‍ പ്ലാവുകള്‍ നെല്ലിക്കുത്തിലെ മില്ലില്‍ നിന്നും വിജിലന്‍സ് പിടികൂടിയിട്ടും നാളിതുവരെ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്നിവര്‍ക്ക് പരാതി നല്കി. മുന്‍നഗരസഭാ കൗണ്‍സിലര്‍ കരുവമ്പ്രം പുത്തന്‍വീട്ടില്‍ വിശ്വനാഥനാണ് പരാതി നല്‍കിയത്.
2025 ആഗസ്റ്റ് ഒന്നിനാണ് സ്കൂള്‍ വളപ്പില്‍ നിന്നും മരം മുറിച്ചു കടത്തിയതെന്നാണ് കരുതുന്നത്. വെട്ടിയ മരത്തിന്റെ വേരുകളും മറ്റും സ്കൂള്‍ വളപ്പില്‍ തന്നെ ഉപേക്ഷിച്ചിരുന്നു. സംഭവത്തില്‍ വിശ്വനാഥന് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധനയുണ്ടായത്. സെപ്തംബര്‍ 11ന് മലപ്പുറം വിജിലന്‍സ് സിഐ പി. ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയില്‍ സ്കൂള്‍ വളപ്പില്‍ നിന്നും കാണാതായ പ്ലാവുകള്‍ നെല്ലിക്കുത്തിലെ മരമില്ലില്‍ നിന്നും കണ്ടെടുത്തിരുന്നു.
സംഭവത്തില്‍ ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍, സ്കൂള്‍ അധ്യാപകര്‍, പിടിഎ പ്രസിഡന്റ്, ഭാരവാഹികള്‍, മറ്റു ജീവനക്കാര്‍ എന്നിവരുടെ മൊഴി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇതു സംബന്ധിച്ച് ഒരു നടപടികളും ബന്ധപ്പെട്ട അധികൃതരില്‍ നിന്നും ഉണ്ടായില്ല. സ്കൂളില്‍ നിന്നും മരം മോഷണം പോയ സംഭവത്തില്‍ പൊലീസില്‍ പരാതി നല്കാന് പ്രധാനാധ്യാപികയോട് എഇഒ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ നാളിതുവരെ പരാതി നല്കാന് തയ്യാറായില്ലെന്നും എച്ച് എമ്മിന്റെ അറിവോടെയാണ് മരം മുറിച്ചുമാറ്റിയതെന്ന് സംശയിക്കുന്നതായും വിശ്വനാഥന് പറഞ്ഞു.
സ്കൂള്‍ പരിസരത്ത് അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റാവുന്നതാണ്. എന്നാല്‍ ഇതിന് സര്‍ക്കാര്‍ നിശ്ചയിച്ച കൃത്യമായ മാനദണ്ഡങ്ങളുണ്ട്. ഈ മാനദണ്ഡങ്ങളൊന്നും തന്നെ പാലിക്കാതെയാണ് മരം മുറിച്ചു കടത്തിയതെന്ന് വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി കണ്ടെത്തിയിരുന്നു. മരം മുറിക്കുന്നതിന് പിടിഎ കമ്മറ്റിയോ സ്കൂള്‍ അധികൃതരോ അനുമതി നല്‍കിയിട്ടില്ല. നഗരസഭയും ഇത്തരത്തിലൊരു അനുമതി നല്‍കിയിട്ടില്ലെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ വി.എം. സുബൈദയും പറഞ്ഞു.
Tags : Chief Minister Pinarayi Vijayan