നിർമാണം പൂർത്തിയായ പരുമല ഉപദേശിക്കടവ് പാലം.
പരുമല: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പരുമല ഉപദേശിക്കടവ് പാലം യാഥാർഥ്യമായി. പാലത്തിന്റെ നിർമാണം പൂർത്തിയായി. ഇനി അപ്രോച്ച് റോഡിനായുള്ള കാത്തിരിപ്പിലാണ് നാട്ടുകാർ. പാലത്തിന്റെ മറുകരയിൽ വളഞ്ഞവട്ടം ഭാഗത്തെ റോഡ് നിർമാണം പൂർത്തിയായി. പരുമല ഭാഗത്തു പാലം മുതൽ സിൻഡസ് മോസ് സ്കൂൾ വരെയുള്ള ഭാഗവും നിർമാണം പൂർത്തിയായിക്കഴിഞ്ഞു.
ഈ ഭാഗത്ത് എട്ട് മീറ്റർ വീതിയിലാണ് റോഡ് നിർമാണം. എന്നാൽ, സിൻഡസ് മോസ് സ്കൂൾ മുതൽ തിക്കപ്പുഴ വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ നിർമാണമാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഈ ഒന്നര കിലോമീറ്റർ ദൂരവും കുണ്ടുംകുഴിയുമായി കിടക്കുകയാണ്. കാൽനട യാത്രകാർക്കു പോലും പോകാൻ കഴിയാത്ത സ്ഥിതി. ഈ റോഡ് കൂടി നിർമിച്ചെങ്കിൽ മാത്രമെ കോടികൾ മുടക്കിയ പാലത്തിന്റെ ഗുണം നാട്ടുകാർക്കു കിട്ടൂ.
പെരുന്നാളെത്തി, കുഴിയടച്ചില്ല
നിലവിൽ ഈ ഭാഗം പഞ്ചായത്തിന്റെ അധീനതയിലാണ്. ഈ റോഡ് പിഡബ്ല്യൂഡി ഏറ്റെടുത്ത് എട്ടു മീറ്റർ വീതിയിൽത്തന്നെ നിർമിക്കാൻ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. ഇരുവശങ്ങളിലുമുള്ള മതിൽ പൊളിച്ചു കെട്ടിക്കൊടുക്കുന്നതുൾപ്പടെയാണ് എസ്റ്റിമേറ്റ്. ഭരണാനുമതി ലഭിച്ചെങ്കിലും തുടങ്ങാൻ വൈകും.
ഈ പരുമല പെരുന്നാളിന് ഈ പാലത്തിലൂടെ തീർഥാടകരെ കടത്തിവിടാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ടെന്നു പെരുന്നാൾ അവലോകന യോഗത്തിൽ മാത്യു ടി. തോമസ് എംഎൽഎ പറഞ്ഞിരുന്നു.
തകർന്നു കിടക്കുന്ന ഭാഗത്തെ കുഴി അടയ്ക്കലെങ്കിലും നടത്തണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നിരുന്നു. കുഴി അടയ്ക്കാമെന്നു പഞ്ചായത്ത് യോഗത്തെ അറിയിച്ചു. എന്നാൽ, പരുമല തീർഥാടനമാരംഭിക്കാൻ ഇനി മൂന്നു ദിനം കൂടി മാത്രം ബാക്കി നിൽക്കെ ഒന്നും ചെയ്തിട്ടില്ല. തിരുവല്ല ഭാഗത്തുനിന്നു വരുന്ന നൂറു കണക്കിനു തീർഥാടകരും വാഹനങ്ങളും ഉപദേശിക്കടവ് പാലം വഴിയെത്തിയാൽ ബുദ്ധിമുട്ടാകും. അതിനാൽ താത്കാലികമായെങ്കിലും തകർന്ന ഭാഗം നന്നാക്കണം.
മാന്നാറിന്റെ ബൈപാസ്
ഉപദേശിക്കടവ് പാലവും അപ്രോച്ച് റോഡും പൂർത്തിയാകുന്നതോടെ പരുമല പള്ളി, പനയന്നാർക്കാവ് ക്ഷേത്രം, പരുമല ആശുപത്രി, പമ്പാ കോളജ് എന്നിവിടങ്ങളിലേക്ക് തിരുവല്ല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾക്കു മാന്നാർ ടൗണിലെ കുരുക്കിൽപെടാതെ പെട്ടെന്ന് ഇവിടങ്ങളിലേക്ക് എത്താം.
കൂടാതെ കോട്ടക്കടവ് പാലം പണികൂടി പൂർത്തിയാകുമ്പോൾ മാന്നാറിന്റെ ബൈപ്പാസായും ഇതു മാറും. പരുമല പെരുന്നാളിനു മാന്നാർ ടൗണിലെ മണിക്കൂറുകളോളം ഉള്ള ഗതാഗത കുരുക്കിനു പരിഹാരമാണ് ഉപദേശിക്കടവ് പാലം.
Tags : Upadeshikadav Parumala