മുക്കം: ദിവസേന നിരവധി രോഗികൾ ചികിത്സതേടിയെത്തുന്ന കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ മുറ്റത്ത് വിരിച്ച ഇന്റർലോക്ക് കട്ടകൾ കാലാവധിക്ക് മുന്നേ ഇളകി അപകടാവസ്ഥയിലായ സംഭവത്തിൽ കരാറുകാരനെതിരേ ശക്തമായ നടപടിക്കൊരുങ്ങി കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി. രണ്ടര വർഷം മുമ്പാണ് പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ച് ആശുപത്രി മുറ്റം ഇന്റർലോക്ക് കട്ടകൾ വിരിച്ചത്.
അഞ്ച് വർഷ കാലാവധിയുള്ള പ്രവൃത്തി കാലാവധിക്ക് മുമ്പ് തന്നെ പൊളിഞ്ഞ് തുടങ്ങുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണ സമിതി നേരിട്ടും കത്ത് മുഖേനയും കരാറുകാരനുമായി ബന്ധപ്പെട്ടങ്കിലും പൂർവസ്ഥിതിയിലാക്കാൻ അദ്ദേഹം തയാറായില്ല. ഈ സാഹചര്യത്തിൽ പഞ്ചായത്ത് പ്രവൃത്തി പൂർത്തീകരിച്ച് തുക കരാറുകാരനിൽ നിന്ന് ഈടാക്കാനാണ് നടപടിയാരംഭിച്ചത്.
പൊളിഞ്ഞ് തുടങ്ങിയ കട്ടകൾ ഇന്ന് തന്നെ എടുത്തു മാറ്റി അപകടാവസ്ഥ ഒഴിവാക്കും. കട്ടകൾ മാറ്റി വിരിക്കുന്ന പ്രവൃത്തി ഉടൻ തന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ എന്നിവർ അറിയിച്ചു.
Tags : Kozhikode