ജില്ലാ കുടുംബശ്രീ മിഷനും വ്യവസായ വകുപ്പും സംയോജിച്ച് നടപ്പിലാക്കുന്ന ഷീ റൈസ് പദ്ധതിയുടെ പരിശീലന കേന്ദ്രങ്ങളുടെ ഉദ്ഘാടനം പ്രമോദ് നാരായൺ എംഎൽഎ നിർവഹിക്കു
അയിരൂർ: പത്തനംതിട്ട ജില്ലാ കുടുംബശ്രീ മിഷനും വ്യവസായ വകുപ്പും സംയോജിച്ച് നടപ്പിലാക്കുന്ന ഷീ റൈസ് പദ്ധതിയുടെ പരിശീലന കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.
അയിരൂർ പഞ്ചായത്തിൽ സ്കിൽ ട്രെയിനിംഗ് സെന്റർ ഉദ്ഘാടനം വാളൻപടി വൈഎംസിഎ ഹാളിൽ പ്രമോദ് നാരായൺ എംഎൽഎ നിർവഹിച്ചു. അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രഭാകരൻ നായർ അധ്യക്ഷത വഹിച്ചു.
റാന്നി, വടശേരിക്കര പഴവങ്ങാടി, റാന്നി അങ്ങാടി, വെച്ചൂച്ചിറ, അയിരൂർ , പെരുനാട്, കോട്ടാങ്ങൽ, ചിറ്റാർ, നാറാണംമൂഴി , കൊറ്റനാട് എന്നിവിടങ്ങളിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചു.
ജില്ലാ കുടുംബശ്രീ മിഷന്റെ സാമ്പത്തിക സഹായത്തോടെ എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ടെയ് ലറിംഗ്, ഫാഷൻ ഡിസൈനിംഗ് കോഴ്സുകളാണ് ആരംഭിച്ചിട്ടുള്ളത്. 30 പേരടങ്ങുന്ന ഒരു ബാച്ചിന് 42 ദിവസമാണ് ക്ലാസുകൾ.
കുടുംബശ്രീ അംഗങ്ങൾ, കുടുംബശ്രീ കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് പങ്കെടുക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായവും പദ്ധതി മുഖേന ലഭ്യമാക്കും. റാന്നി നിയോജകമണ്ഡലത്തിലെ എല്ലാ കുടുംബത്തിലുമുള്ള ഒരാൾക്ക് തൊഴിൽ വൈദഗ്ധ്യ പരിശീലനത്തിലൂടെ വരുമാനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.
കുടുംബശ്രീ ബ്ലോക്ക് കോഓർഡിനേറ്റർ രഞ്ജിത സുകുമാരൻ,സിഡിഎസ് ചെയർപേഴ്സൺ ശോഭന പ്രകാശ്, അയിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിന്റ് വിക്രമൻ നാരായണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ സാം കുട്ടി അയ്യക്കാവിൽ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ബി. ജയശ്രീ, പഞ്ചായത്ത് മെംബർ അംബുജാഭായി, വ്യവസായ വകുപ്പ് ബിഡിഎസ്പി അഞ്ചു മുരുകൻ, ഏക്സാത്ത് ഏജൻസി കോർഡിനേറ്റർ പി.വി. രാജേഷ്, വൈസ് ചെയർപേഴ്സൺ ഉഷ ജി. നായർ എന്നിവർ പ്രസംഗിച്ചു.