കാളികാവ് : റോഡ് തകർന്ന് വാഹനാപകടങ്ങൾ നിത്യ സംഭവമായതോടെ പഞ്ചായത്ത് ഓഫീസിൽ നാട്ടുകാരുടെ പ്രതിഷേധം.മൂന്നാം വാർഡിലെ മരുതുങ്ങൽ പാമ്പീര്യംപൊയിൽ റോഡ് തകർന്നതാണ് പ്രതിഷേധത്തിന് കാരണം. വ്യാഴാഴ്ച രാവിലെ തുടങ്ങിയ ബോർഡ് യോഗം നാട്ടുകാർ സംഘടിച്ചെത്തി തടസ്സപ്പെടുത്തി.
കഴിഞ്ഞ ദിവസം റോഡിലെ കുഴിയിൽ ചാടി ഓട്ടോറിക്ഷ മറിഞ്ഞിരുന്നു. രോഗിയായ ഒരാളെ ആശുപത്രിയിൽ കൊണ്ടു പോകാൻ ആംബുലൻസിന് വരാൻ കഴിയാത്തതിനാൽ തോളിലേറ്റിയാണ് ആംബുലൻസിന് സമീപം വരേ കൊണ്ടുപോയത്.
ഇതിനെതിരെ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടി ഇല്ലാത്തത്തതിനാലാണ് നാട്ടുകാർ സംഘടിച്ച് ബോഡു യോഗത്തിലെത്തിയത്. പരാതി നേരിൽപറയാൻയോഗത്തിൽ അതിക്രമിച്ചു കയറിയ നാട്ടുകാരോട് ഇറങ്ങിപ്പോവാൻ പഞ്ചായത്ത് സെക്രട്ടറി എം. ശ്രീകുമാർ ആവശ്യപ്പെട്ടെങ്കിലും നാട്ടുകാർ ചെവി ക്കൊണ്ടില്ല. തുടർന്ന് സെക്രട്ടറി ഇറങ്ങി പോകാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ തടയുകയും ചെയ്തു. പ്രസിഡന്റ് അടക്കമുള്ള ഭരണകക്ഷി അംഗങ്ങളും നാട്ടുകാരും തമ്മിൽ വാഗ്വാദത്തിനും കാരണമായി.
തുടർന്ന് കാളികാവ് സി ഐ. കെ. അനുദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ഹാളിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഏറെ നേരത്തെ തർക്കങ്ങളെ തുടർന്ന് സിഐ അനുദാസും, എസ്ഐ റസാഖും പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീനും മറ്റു അംഗങ്ങളും ബോർഡ് യോഗം നിർത്തിവെച്ച് പ്രതിഷേധക്കാരുമായി ചർച്ചനടത്തി. റോഡിന്റെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയ ശേഷമാണ് പ്രശ്നം അവസാനിച്ചത്.
Tags :