പുല്ലഴി കോൾപടവിലെ തന്റെ കൃഷിയിടത്തിൽ വെള്ളംകയറി നശിച്ച നെൽച്ചെടികൾ വീക്ഷിക്കുന്ന ജിന്റോ.
തൃശൂർ: ശക്തമായ തുലാമഴ ഒളരി പുല്ലഴിയിലെ കർഷകരുടെ പ്രതീക്ഷകൾ തകർത്തു. നേരത്തേ എരണ്ടപ്പക്ഷികളുടെ ശല്യത്തിൽ വിത്തുകൾ നശിച്ച് വീണ്ടും കൃഷിയിറക്കിയ കർഷകർക്ക്, ഇപ്പോൾ മഴയാണ് വില്ലനായത്.
വിത്തുവിതച്ച് ദിവസങ്ങൾമാത്രം പിന്നിട്ടപ്പോൾ പെയ്ത മഴയിൽ കോൾപാടങ്ങളിൽ വെള്ളം ക്രമാതീതമായി ഉയർന്നു. ഇതോടെ പലയിടങ്ങളിലും നെൽച്ചെടികൾ ചീഞ്ഞ് നശിച്ച അവസ്ഥയിലാണ്. ഏകദേശം 900 ഏക്കർ വിസ്തീർണമുള്ള പുല്ലഴി കോൾപടവിലാണ് ഈ ദുരിതം പെയ്തിറങ്ങിയത്.
പാടങ്ങളിലെ വെള്ളം നീക്കംചെയ്യാൻ ശ്രമിച്ചിട്ടും, പലയിടങ്ങളിലും ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളം ഒഴിഞ്ഞിട്ടില്ല. ചിലയിടങ്ങളിൽ വെള്ളം കുറയുമ്പോഴും നെൽച്ചെടികൾ പൂർണമായി ചീഞ്ഞുപോകുന്ന അവസ്ഥ കർഷകരുടെ പ്രതീക്ഷകളെ താളംതെറ്റിച്ചിരിക്കുകയാണ്.
മണ്ണിലിറങ്ങി പണിയെടുക്കണമെന്ന ആഗ്രഹത്തോടെ പ്രവാസജീവിതം അവസാനിപ്പിച്ച് കൃഷിയിലേക്ക് ഇറങ്ങിയ കണ്ണംകുളങ്ങര സ്വദേശി കുട്ടഞ്ചേരി ജിന്റോയും തന്റെ രണ്ടേക്കറിൽ ഇറക്കിയ കൃഷി നശിച്ചതോടെ പ്രതിസന്ധിയിലായി. ഇത്തവണമാത്രം തുടർച്ചയായി രണ്ടുതവണ കൃഷിയിറക്കിയിട്ടും രണ്ടും നശിച്ചത് ഏറെ വേദനിപ്പിക്കുന്നുവെന്നു യുവകർഷകൻ പറഞ്ഞു. ശക്തമായ തുലാപ്പെയ്ത്തിൽ കോൾപടവിലെ 600 ഏക്കറിലേറെ കൃഷിയാണ് നശിച്ചതെന്നും സർക്കാരിനെ സമീപിക്കുമെന്നും പടവ് സെക്രട്ടറി ജെനീഷും പറഞ്ഞു.
Tags : നെൽച്ചെടികൾ