രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ കൊണ്ടാട് ചൂരവേലില്‍ പാടത്ത് ആര
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രാമപുരം ഞാറ്റടി കൃഷിസംഘത്തിന്റെ സഹകരണത്തോടെ തരിശുനിലത്ത് നെല്‍കൃഷിക്ക് തുടക്കംകുറിച്ചു.
നാട്ടിലുള്ള പാടങ്ങളില്‍ പലതും തരിശായി കിടക്കുകയും മറ്റു കൃഷികള്‍ക്ക് വഴിമാറുകയും ചെയ്തുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒരു പ്രദേശത്തിന്റെതന്നെ ജലസംരക്ഷണത്തിലും പരിസ്ഥിതി സന്തുലനത്തിലും നിര്‍ണായക പങ്കുവഹിക്കുന്ന നെല്‍വയലുകള്‍ പുനരുജ്ജീവിപ്പിക്കാനായാണ് വിദ്യാര്‍ഥികള്‍ നെല്‍കൃഷിക്കായി മുന്നിട്ടിറങ്ങിയത്.
രാമപുരം പഞ്ചായത്തിലെ കൊണ്ടാട് വാര്‍ഡിലുള്ള ചൂരവേലില്‍ പാടത്താണ് നെല്‍കൃഷി ആരംഭിച്ചത്. രാസവളങ്ങളോ രാസകീടനാശിനികളോ ഉപയോഗിക്കാതെയുള്ള പ്രകൃതി കൃഷി മാര്‍ഗമാണ് അവലംബിക്കുന്നത്. കൃഷിക്കായി തെരഞ്ഞെടുത്തത് കന്നും കുളമ്പന്‍ എന്ന നാടന്‍ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകനായ മധു ചൂരവേലിലാണ് നെല്‍കൃഷിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്.
നെല്‍കൃഷിയുടെ ഉദ്ഘാടനം കോളജ് മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം വിദ്യര്ഥികളോടൊപ്പം പാടത്ത് ഞാറു നട്ട് നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്‍സിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, പഞ്ചായത്തംഗം മനോജ് സി. ജോര്‍ജ്, അഡ്മിനിസ്ട്രേറ്റര്‍ പ്രകാശ് ജോസഫ്, പ്രോഗ്രാം ഓഫീസര്‍മാരായ നിര്‍മല്‍ കുര്യാക്കോസ്, ഷീന ജോണ്‍, സ്റ്റാഫ് സെക്രട്ടറി സുനില്‍ കെ. ജോസഫ്, ഫാ. ബോബി ജോണ്‍, കോളജ് യൂണിയന് ചെയര്മാന് ടി.ജെ. ശ്രാവണ്‍ ചന്ദ്രന്, വോളന്റിയര്‍ സെക്രട്ടറി അഭിനവ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
Tags : Ramapuram College