കൂമൻകാട് സംസ്ഥാനപാതയരികിൽ തള്ളിയ മാലിന്യത്തിന്റെ ദുർഗന്ധം തടയാൻ സമീപവാസി ഫിനോയിൽ ഒഴിക്കുന്നു.
തത്തമംഗലം: കൂമൻകാട് റോഡരികിൽ അറവുമാലിന്യം തള്ളുന്നതിൽ പൊറുതിമുട്ടി യാത്രക്കാരും സമീപവാസികളും. രാത്രിസമയങ്ങളിലാണ് ഇരുചക്രവാഹനങ്ങളിൽ മാലിന്യം എത്തിച്ച് തള്ളുന്നത്. മഴ ചാറിയാൽ ഉണ്ടാവുന്ന ദുർഗന്ധം സമീപവാസികൾക്ക് അസഹനീയമാവുകയാണ്.
മാലിന്യം തള്ളുന്നത് ശിക്ഷാർഹമാണെന്ന് ബന്ധപ്പെട്ട പഞ്ചായത്തധികൃതർ അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ നിർദേശം വകവെയ്ക്കാതെയാണ് മാലിന്യനിക്ഷേപം. ദുർഗന്ധത്തിൽ പൊറുതിമുട്ടിയ വഴിയോര കച്ചവടക്കാർ ദിവസവും സ്ഥലത്ത് ഫിനോയിൽ തളിക്കാറുണ്ടെങ്കിലും ഇതും ഫലവത്താകുന്നില്ല. മാംസാവശിഷ്ടം ഭക്ഷിക്കാനെത്തുന്ന തെരുവുനായകളും ഇരുചക്രസഞ്ചാരികൾക്ക് ഉപദ്രവകാരികളാവുന്നുമുണ്ട്. ഈ സ്ഥലത്ത് നായ, പന്നി എന്നിവ കുറുകെ ഓടി നിരവധി തവണ ബൈക്ക് യാത്രികർക്ക് പരിക്കേറ്റ അപകടങ്ങളും നടന്നിട്ടുണ്ട്.
കൂമൻകാട് മുതൽ കൊല്ലൻകുളമ്പ്വരെ ഒരു കിലോമീറ്റർ ദൂരത്തിൽ തെരുവുവിളക്കുകൾ ഇല്ലാത്തതും മാലിന്യം തള്ളാനെത്തുന്നവർക്ക് സൗകര്യമാവുന്നുണ്ട്. സ്ഥലത്ത് തെരുവിളക്കുകളും നിരീക്ഷണകാമറയും സ്ഥാപിച്ച് മാലിന്യംതള്ളുന്നവരെ പിടികൂടണമെന്നതാണ് ആവശ്യം.
Tags :