അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പാറക്കടവ് അറുന്നൂറാം പാടശേഖരത്തിന്റെ പടിഞ്ഞാറെ ബണ്ടിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ.
അമ്പലപ്പുഴ: പാടശേഖര സമിതിയുടെ അനാസ്ഥ മൂലം ഇരുപത്തിയേഴ് വീടുകൾ മലിനജലം നിറഞ്ഞ വെള്ളക്കെട്ടിൽ ദുരിതമനുഭവിക്കുന്നു. ഏഴു മാസമായിട്ടും ഇതിനു പരിഹാരം കാണാൻ ആരും തയാറാകുന്നില്ലെന്ന് നാട്ടുകാർ.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കൊപ്പാറക്കടവ് അറുന്നൂറാം പാടശേഖരത്തിന്റെ പടിഞ്ഞാറെ ബണ്ടിൽ താമസിക്കുന്ന 27 കുടംബങ്ങളാണ് കഴിഞ്ഞ ഏഴു മാസക്കാലമായി വെള്ളക്കെട്ടിൽ കഴിയുന്നത്. ഈ പാടശേഖരത്ത് നേരത്തേയുണ്ടായിരുന്ന മോട്ടോർതറ പൊളിച്ചതോടെയാണ് ഇവരുടെ ദുരിതം ആരംഭിച്ചത്.
പുതിയ മോട്ടോർതറ നിർമിക്കാൻ പഞ്ചായത്തിൽനിന്ന് തുകയനുവദിച്ചതോടെയാണ് നിലവിലെ മോട്ടോർതറ പൊളിച്ചത്. സാധാരണ വേനൽക്കാലത്താണ് മോട്ടോർതറ പൊളിച്ച് പുതിയത് നിർമിക്കുന്നത്. എന്നാലിവിടെ കഴിഞ്ഞ കൃഷിക്കുശേഷം മഴക്കാലത്താണ് മോട്ടോർതറ പൊളിച്ചത്.
അതിനിടെ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പുതിയ മോട്ടോർതറ നിർമിക്കുന്നത് എന്നു കണ്ട പഞ്ചായത്ത് ഇതിന്റെ നിർമാണം തടഞ്ഞു. പിന്നീട് ഇവിടെ കൃഷിയും നടന്നില്ല. ഇതോടെ കഴിഞ്ഞ ഏഴു മാസക്കാലമായി ദുർഗന്ധം നിറഞ്ഞ കാക്കാഴം കാപ്പിത്തോട്ടിലെ മലിനജലത്തിന്റെ ദുരിതമനുഭവിക്കുകയാണ് ഈ കുടുംബങ്ങൾ. ചില വീടുകൾക്കുള്ളിൽവരെ മലിനജലം നിറഞ്ഞു.
കിടപ്പുരോഗികളും വൃദ്ധരും കൊച്ചുകുട്ടികളും സ്ത്രീകളും അടങ്ങിയ വീട്ടുകാർ മലിനജലം കലർന്ന വെള്ളക്കെട്ടിൽ ചവിട്ടി വേണം പുറത്തിറങ്ങാൻ . വീടിനു ചുറ്റും മലിനജലം കെട്ടിക്കിടക്കുന്നതിനാൽ രോഗികളായവരെ കസേരയിൽ ഇരുത്തി ചുമന്ന് റോഡിൽ എത്തിച്ചാണ് ആശുപത്രിയിൽ കൊണ്ടു പോകുന്നത്.
പല വീടുകളിലും ശുചിമുറി പോലും ഉപയോഗിക്കാനാവാത്ത അവസ്ഥയിലാണ്. വീടിനു ചുറ്റും കെട്ടിക്കിടക്കുന്ന മലിനജലത്തിൽ പായലും നിറഞ്ഞു കിടക്കുകയാണ്. വെള്ളത്തിൽ ഇറങ്ങിയാൽ അട്ടയും കടിക്കും. ചുറ്റും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ ദുർഗന്ധവും സഹിച്ചാണ് ഇവർ കഴിയുന്നത്.
മാരകമായ സാക്രമിക രോഗങ്ങളെയും ഭയന്നാണ് നിർധനരായ 27 കുടുംബങ്ങളും ഇവിടെ കഴിയുന്നത്. പലരുടെയും വീടിനുള്ളിലും വെള്ളം കെട്ടികിടപ്പുണ്ട്. ഇതിനു പരിഹാരം തേടി ഇവർ മുട്ടാത്ത വാതിലുകളില്ല. എംപി, എംഎൽഎ, ജില്ലാ കളക്ടർ, പഞ്ചായത്ത് തുടങ്ങി നിരവധി പേർക്കു പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഇനി ഇതിനു പരിഹാരം കാണാൻ തങ്ങൾ എവിടെപ്പോകണമെന്നാണ് ഇവർ ചോദിക്കുന്നത്.
Tags : Padasekhara Committee